പ്രശസ്ത ഛായാഗ്രാഹകൻ ഷാജികുമാർ അന്തരിച്ചു

കൊച്ചി: പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ആദ്യ നൂറുകോടി ചിത്രം പുലിമുരുകൻ അടക്കം അമ്പതിലേറെ ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. ആലപ്പുഴയിലെ ഷൂട്ടിങ് സൈറ്റിൽ വെച്ച് ശാരീരികാസ്വസ്ഥതയെത്തുടർന്ന് രണ്ടു ദിവസം മുമ്പാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12 ഓടെ ശൗചാലയത്തിൽ പോകുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.
പ്രശസ്ത സിനിമാട്ടോഗ്രാഫർ വിപിൻ മോഹന്റെ ശിഷ്യനായി ഒട്ടേറെ സിനിമകളിൽ പ്രവർത്തിച്ച ഷാജി കുമാർ സ്വതന്ത്ര ഛായാഗ്രാഹകനായപ്പോൾ മലയാളത്തിലെ വൈവിധ്യമാർന്ന ചിത്രങ്ങൾക്ക് പിന്നിലെ കരുത്തായി മാറി . ഫിലിമിൽ ചിത്രീകരണം ആരംഭിച്ച ഷാജി കുമാർ വെളിച്ചത്തിലും നിറത്തിലും ഫ്രെയിമിങിലുമുള്ള തന്റെ അസാമാന്യമായ സാങ്കേതിക കലാപാടവം ഡിജിറ്റൽ സിനിമയിലും ആവർത്തിച്ചു . ക്യാമറയിലും ലൈറ്റിങ്ങിലും നിറവിന്യാസത്തിലും വന്ന കാലോചിതമായ മാറ്റങ്ങൾക്കൊപ്പം സഞ്ചരിച്ച് സ്വയം പുതുക്കിപ്പണിത് , കഥ പറച്ചിലിലെ പുതുമകൾ കൂടി ഉൾക്കൊണ്ട് ദൃശ്യ പരിചരണത്തിൽ തന്റേതായ കയ്യൊപ്പ് ചാർത്തി ക്യാമറ ചലിപ്പിക്കുന്ന ഷാജി കുമാർ തന്റെ സമകാലീനർക്ക് കാലിടറിയ ഡിജിറ്റൽ ഫിലിം മേക്കിങ്ങിൽ മികച്ച വിജയങ്ങൾ തുടർച്ചയായി സമ്മാനിച്ചു . ജോഷി , ഷാജി കൈലാസ് , വി എം വിനു , എം പത്മകുമാർ , വൈശാഖൻ തുടങ്ങി പുതുതലമുറയിലെ തരുൺ മൂർത്തി വരെയുള്ള സംവിധായകരുടെ പ്രിയപ്പെട്ട ക്യാമറാമാനായിരുന്നു ഷാജി കുമാർ .
2001-ലാണ് ഷാജി കുമാർ ക്യാമറയുമായി സിനിമയിലെത്തുന്നത്. ഉത്തമൻ ആയിരുന്നു ആദ്യ ചിത്രം . പിന്നീട് മലയാള സിനിമയിലെ മികച്ച പല ചിത്രങ്ങളുടെയും ദൃശ്യ വിസ്മയം ഒരുക്കി. നരൻ, ഒടിയൻ, പോക്കിരിരാജ, നസ്രാണി, റോബിൻഹുഡ്, ബാബാ കല്യാണി, വെള്ളിനക്ഷത്രം, അത്ഭുതദ്വീപ്, മധുരരാജ, റിങ് മാസ്റ്റർ, മല്ലു സിങ്, പത്തൊൻപതാം നൂറ്റാണ്ട്, ബാന്ദ്ര, തുടരും തുടങ്ങിയ ചിത്രങ്ങളുടെ ദൃശ്യ വിസ്മയത്തിന് പിന്നിലും ഷാജി കുമാർ ആയിരുന്നു. മോഹൻലാൽ - തരുൺ മൂർത്തി ചിത്രമായ അതിമനോഹരം , സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പൻ എന്നിവയാണ് അവസാനം ചിത്രീകരിച്ച സിനിമകൾ .
ഷാജി കുമാർ പ്രവർത്തിച്ച സിനിമകൾ .
- 2001 ഉത്തമൻ
- 2002 വാൽക്കണ്ണാടി, പകൽപ്പൂരം, കണ്മഷി
- 2003 അമ്മക്കിളിക്കൂട്, പട്ടണത്തിൽ സുന്ദരൻ
- 2004 ഞാൻ സൽപ്പേര് രാമൻകുട്ടി, വെള്ളിനക്ഷത്രം, സത്യം, വേഷം
- 2005 നരൻ, അത്ഭുതദ്വീപ്,
- 2006 യെസ് യുവർ ഓണർ, മഹാസമുദ്രം, ബാബാ കല്യാണി
- 2007 ജൂലൈ 4, നസ്രാണി
- 2008 സൈക്കിൾ, വെറുതെ ഒരു ഭാര്യ
- 2009 റോബിൻഹുഡ്, റെഡ് ചില്ലീസ്
- 2010 പോക്കിരി രാജ
- 2011 ഡോക്ടർ ലവ്, സീനിയേഴ്സ്, മാമ്പട്ടിയാൻ, പൊന്നർ ശങ്കർ
- 2012 ദ കിംഗ് ആൻഡ് ദി കമ്മീഷണർ, മല്ലൂസിംഗ്, മദിരാശി, സിംഹാസനം
- 2013 ശൃംഗാരവേലൻ, സൗണ്ട് തോമ
- 2014 രാജാധിരാജ, റിംഗ് മാസ്റ്റർ, കസിൻസ്
- 2016 പുലിമുരുകൻ, സാഹസം (തമിഴ്)
- 2017 രാമലീല
- 2018 മോഹൻലാൽ, ഒടിയൻ, ചന്ദ്രഗിരി
- 2019 മധുരരാജ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന
- 2022 നൈറ്റ് ഡ്രൈവ്, പത്തൊമ്പതാം നൂറ്റാണ്ട്
- 2023 ബാന്ദ്ര, കാഥികൻ
- 2024 വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി
- 2025 തുടരും,
- 2026 അതിമനോഹരം , ഒറ്റക്കൊമ്പൻ
Content Highlights: Renowned Malayalam cinematographer Shaji Kumar passed away at a private hospital in Kochi., He worked on over 50 films, including Kerala's first 100-crore movie, 'Pulimurugan'., He was the preferred cameraman for many prominent directors across generations., His final works include the upcoming films 'Athimanoharam' and 'Ottakkomban'.