ചുങ്കത്തറയില്‍ കാണാതായ വയോധിക മരിച്ച നിലയില്‍

മരിച്ച നിലയില്‍ കണ്ട തങ്കമ്മ
മരിച്ച നിലയില്‍ കണ്ട തങ്കമ്മ

ചുങ്കത്തറ: ചുങ്കത്തറ പള്ളിക്കുത്തില്‍ നിന്ന് കാണാതായ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുത്ത് ദേവീ വിലാസത്തില്‍ തങ്കമ്മ (71) യെയാണ് ചുങ്കത്തറ പ്രിയാ റോഡില്‍ സ്വകാര്യ ക്വാര്‍ട്ടേഴ്‌സിന്റെ മുന്നിലായി മരിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

തങ്കമ്മ മകളുടെ ഒപ്പം പൊട്ടന്‍തരിപ്പയിലാണ് താമസം. പള്ളിക്കുത്ത് കരിങ്കോറമണ്ണയിലെ വീട് വൃത്തിയാക്കിയ ശേഷം തിങ്കളാഴ്ച  വൈകുന്നേരം മകളുടെ വീട്ടിലേക്ക് പോയതാണ് ഇവര്‍. വീട്ടില്‍ എത്താത്തിനെ തുടര്‍ന്ന് ഫോണില്‍ വിളിച്ചങ്കിലും കിട്ടിയില്ല. ഇതെ തുടര്‍ന്നാണ് മകള്‍ പോത്തുകല്‍ പോലീസില്‍ പരാതി നല്‍കിയത്.

അന്വേഷണം നടന്നു വരുന്നതിനിടയിലാണ് ആള്‍ താമസമില്ലാത്ത ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്വാര്‍ട്ടേഴ്‌സ് ഉടമ തൊഴിലാളികളുമായി ക്വാര്‍ട്ടേഴ്‌സിന് സമീപമുള്ള സ്ഥലത്ത് എത്തിയപ്പോഴാണ് തൊഴിലാളികളില്‍ ഒരാള്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തങ്കമ്മ തന്നെയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ കൈവശം പണം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എടക്കര പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Content Highlights: Missing Senior Citizen Found Dead in Chungathara