അധികാരമൊഴിയുമ്പോൾ 308 വീടുകളുടെയും വാർപ്പ് പൂർത്തിയാക്കിയിരുന്നു, UDF വന്നതോടെ വേഗം കുറഞ്ഞു- പിണറായി

#ന്യൂസ് ഡെസ്ക്
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ |ഫോട്ടോ:മാതൃഭൂമി
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ |ഫോട്ടോ:മാതൃഭൂമി

കല്പറ്റ: ചൂരൽമല ദുരന്തത്തിന് രണ്ടുവർഷം തികയുന്ന വേളയിൽ യുഡിഎഫ് സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫ് സർക്കാർ അധികാരമൊഴിയുമ്പോൾ 410 വീടുകളിൽ 308 വീടുകളുടെയും വാർപ്പ് പൂർത്തിയാക്കിയിരുന്നു. ആദ്യഘട്ടത്തിൽ 178 കുടുംബങ്ങൾക്ക് വീടുകൾ കൈമാറുകയും ചെയ്തു. എന്നാൽ, യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി 70 ദിവസം പിന്നിട്ടിട്ടും വെറും ഒമ്പത് വീടുകൾ മാത്രമാണ് പൂർത്തിയാക്കിയതെന്ന് പിണറായി വിജയൻ ഫേയ്സ്ബുക്കിൽ കുറിച്ചു.

ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ചൂരൽമലയിലെയും മുണ്ടക്കൈയിലെയും മഹാദുരന്തം കേരളത്തെ കണ്ണീരിലാഴ്ത്തിയിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുകയാണ്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ഇന്നും പൂർണമായ പുനരധിവാസത്തിനായി കാത്തിരിക്കുന്ന ഓരോ കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു.

ദുരന്തബാധിതരെ ഒരിക്കലും ഒറ്റയ്ക്കാക്കില്ലെന്ന ഉറച്ച നിലപാടോടെയാണ് എൽഡിഎഫ് സർക്കാർ ടൗൺഷിപ്പ് പദ്ധതി അതിവേഗം മുന്നോട്ടുകൊണ്ടുപോയത്. അധികാരമൊഴിയുമ്പോൾ 410 വീടുകളിൽ 308 വീടുകളുടെയും വാർപ്പ് പൂർത്തിയാക്കിയിരുന്നു. ആദ്യഘട്ടത്തിൽ 178 കുടുംബങ്ങൾക്ക് വീടുകൾ കൈമാറുകയും ചെയ്തു.

എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ പുനരധിവാസ പ്രവർത്തനങ്ങളുടെ വേഗം ഗണ്യമായി കുറഞ്ഞു. അധികാരമേറ്റ് 70 ദിവസം പിന്നിട്ടിട്ടും പൂർത്തിയാക്കിയത് വെറും ഒമ്പത് വീടുകളുടെ വാർപ്പ് മാത്രമാണ്. നിർണായക ചുമതലകളിലുണ്ടായ അനാവശ്യ സ്ഥലംമാറ്റങ്ങളും ഏകോപനക്കുറവും പദ്ധതിയെ പ്രതികൂലമായി ബാധിച്ചു.

ഇനിയും 149 കുടുംബങ്ങൾ സ്വന്തം വീടിനായി കാത്തിരിക്കുകയാണ്. ദുരന്തത്തിൽ സർവസ്വവും നഷ്ടപ്പെട്ട മനുഷ്യരെ ഇനിയും കാത്തിരിപ്പിക്കാനാവില്ല. ടൗൺഷിപ്പ് നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി എല്ലാ ദുരന്തബാധിതർക്കും എത്രയും വേഗം സുരക്ഷിതമായ വീട് ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.

Content Highlights: Two-year anniversary of the Chooralmala tragedy, LDF government completed 308 out of 410 house roofs before leaving office, UDF government only completed 9 roofs in 70 days, 149 families still waiting for their homes, Call for urgent action to complete the township project