ചൊക്രമുടി കയ്യേറ്റം ആസൂത്രിത ഭൂമിക്കൊള്ള, ഉദ്യോഗസ്ഥർ ഒത്താശചെയ്തു- ഐജി സേതുരാമന്റെ റിപ്പോർട്ട്

മൂന്നാർ: വിവാദ ചൊക്രമുടി ഭൂമി കയ്യേറ്റത്തിൽ നടന്നത് ആസൂത്രിത ഭൂമികൊള്ളയെന്ന് തെളിയിക്കുന്ന ഐജി സേതുരാമന്റെ റിപ്പോർട്ട് പുറത്ത്. 25 ഏക്കറോളം സർക്കാർ പുറമ്പോക്ക് ഭൂമിയാണ് കയ്യേറിയതെന്ന് ഐജിയുടെ നേതൃത്വത്തിലുള്ള മൂന്നാർ സ്പെഷ്യൽ ടീമിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കയ്യേറ്റം ചൊക്രമുടിയിലെ പരിസ്ഥിതിയെ താറുമാറാക്കിയെന്നും ഇതിന് റവന്യൂ, പഞ്ചായത്ത്, സർവേ ഉദ്യോഗസ്ഥർ ഒത്താശ ചെയ്തെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. കെട്ടിട നിർമാണത്തിന് എൻഒസി നൽകിയ ദേവികുളം തഹസിൽദാർ ഡി. അജയൻ, താലൂക്ക് സർവേയർ ലിബിൻ രാജ് എന്നിവരുടെ പേരെടുത്ത് റിപ്പോർട്ടിൽ വിമർശനമുണ്ട്.
ഒരു കാരണവശാലും നിർമാണ പ്രവൃത്തികൾ അനുവദിക്കാൻ സാധിക്കാത്ത റെഡ് സോൺ ഏരിയയിലാണ് ഭൂമി കയ്യേറി നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. കയ്യേറ്റവും അനധികൃത നിർമാണവും തടയുന്നതിന് ഉദ്യോഗസ്ഥതലത്തിൽ വീഴ്ചസംഭവിച്ചു. സർക്കാർ സംവിധാനങ്ങളെ ദുരുപയോഗംചെയ്തുകൊണ്ട് വലിയ രീതിയിലുള്ള തട്ടിപ്പാണ് നടന്നിട്ടുള്ളത്. 12 മാസമായി നിർമാണ പ്രവൃത്തികൾ നടന്നിട്ടും യാതൊരുവിധ നടപടികളും സ്വീകരിച്ചില്ല. സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നും ക്രിമിനൽ കേസെടുത്ത് നിമനടപടികളുമായി മുന്നോട്ടുപോകണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
കൈപ്പൻപ്ലാക്കൽ സിബി ജോസഫ് എന്നയാളുടെ നേതൃത്വത്തിലാണ് അനധികൃത കൈയേറ്റം മുഖ്യമായും നടന്നുവന്നത്. ഇയാൾ ഇടനിലനിന്ന് ഭൂമി കൈമാറിക്കിട്ടിയവരും ചേർന്ന് അനധികൃത പ്രവൃത്തികൾ നടത്തി. 25 ഏക്കറോളം വിസ്തീർണ്ണം വരുന്ന ഭൂമിയിൽ പുൽമേടുകൾ ജെസിബി ഉപയോഗിച്ച് മണ്ണിളക്കി, പ്രദേശമാകെ മാറ്റിമറിക്കുക വഴി പാരിസ്ഥിതികാഘാതം സൃഷ്ടിച്ചു. തടയണ നിർമ്മിച്ച് വെള്ളം കെട്ടി നിർത്തി. അനധികൃത കയ്യേറ്റം വഴി ആന, വരയാട്, കാട്ടുപോത്ത് തുടങ്ങി വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായ സ്ഥലത്തെ ആവാസവ്യവസ്ഥ തകർത്തെന്നും റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.
Content Highlights: Chokramudi encroachment Planned land grab IG Sethuraman's report