മനുഷ്യത്വം പട്ടുപുതച്ചു, കല്യാണിയമ്മ യാത്രയായി

ചിത്രഗിരി(വയനാട്): ആ ചിതയ്ക്ക് തീകൊളുത്തുമ്പോൾ മതത്തിന്റെ അതിരുകളുണ്ടായിരുന്നില്ല. ജാതിയുടെയും വിശ്വാസത്തിന്റെയും വേർതിരിവുകളും. അരനൂറ്റാണ്ടോളം അയൽവാസിയായിരുന്ന ഒരമ്മയോടുള്ള കടപ്പാടും സ്നേഹവും മാത്രം. മക്കളോ ബന്ധുക്കളോ ഇല്ലാതിരുന്ന കല്യാണിയമ്മയ്ക്ക് (85) അന്ത്യകർമങ്ങൾ ചെയ്തത് ഇസ്‌ലാംമതവിശ്വാസികളായ അയൽവാസികൾ. മൂപ്പൈനാട് പഞ്ചായത്തിലെ ചിത്രഗിരി ക്ലബ്ബുമട്ടത്ത് കാപ്പൻ റസാക്കും സഹോദരൻ സുലൈമാനുമാണ് നാടിന് മനുഷ്യസ്നേഹത്തിന്റെ പാഠമായത്.
അമ്പത് വർഷത്തോളമായി തനിച്ചായിരുന്നു കല്യാണിയമ്മ. വാർധക്യവും രോഗവും തളർത്തിയപ്പോഴും ഒറ്റയ്ക്കാണെന്ന തോന്നലുണ്ടായിരുന്നില്ല. റസാക്കും കുടുംബവും സ്വന്തം പെറ്റമ്മയെപ്പോലെയാണ് അവരെ കരുതിയത്.
ചികിത്സയ്ക്ക് ആശുപത്രിയിലെത്തിക്കുന്നതും മരുന്നും മറ്റാവശ്യങ്ങളും നോക്കുന്നതും ഇവരുടെ ചുമതലയായിരുന്നു. കിടപ്പിലായപ്പോൾ മക്കളെപ്പോലെ അരികിലിരുന്നു. പരസഹായമില്ലാതെ ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലും റസാക്കിന്റെ ഭാര്യ റുഖിയ പരിചരണത്തിന് ഒപ്പമുണ്ടായിരുന്നു.
അന്ത്യകർമങ്ങൾക്കും റസാക്കും കുടുംബവും മുന്നിലുണ്ടായിരുന്നു. സഹോദരൻ സുലൈമാനും ഒപ്പം ചേർന്നു. ആണ്ടൂർ കുറിഞ്ഞിലകം ഹിന്ദുശ്മശാനത്തിലായിരുന്നു സംസ്കാരം. കർമിയുടെ നിർദേശങ്ങൾക്കനുസരിച്ച് ഓരോ ചടങ്ങും റസാക്കും സുലൈമാനും പൂർത്തിയാക്കി. നാടൊന്നാകെ അന്ത്യകർമങ്ങൾക്ക് സാക്ഷിയായി.