ചിറയിൻകീഴിൽ മരണവീട്ടിൽ അക്രമം; നിരവധി പേർക്ക് പരിക്ക്

#സ്വന്തം ലേഖകൻ

തിരുവനന്തപുരം: ചിറയിൻകീഴിൽ മരണവീട്ടിൽ അക്രമം. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചയാളുടെ ഭാര്യയുടെ ബന്ധുക്കളാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് പരാതി. കഴിഞ്ഞ 23-ാം തീയതിയാണ് ചിറയിൻകീഴ് സ്വദേശിയായ വിനോദ് വിഷം ഉള്ളിൽ ചെന്ന് മരിച്ചത്. മരണത്തിന് പിന്നാലെ, വിനോദിന്റെ ഭാര്യയുടെ ബന്ധുവും നഗരൂർ സ്വദേശിയുമായ കുട്ടൻ എന്നയാൾ വീട്ടിലെത്തി മുറിയിൽ സൂക്ഷിച്ചിരുന്ന പണവും മൊബൈൽ ഫോണും ഒരു കത്തും എടുത്തുകൊണ്ടുപോയതായി പരാതിയിൽ പറയുന്നു.

വിനോദിന്റെ വീട്ടുകാർ ഈ സാധനങ്ങൾ തിരികെ ആവശ്യപ്പെട്ടെങ്കിലും കുട്ടൻ നൽകാൻ തയ്യാറായില്ല. തുടർന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം കുട്ടനോടൊപ്പം കൂടുതൽ ബന്ധുക്കൾ വിനോദിന്റെ വീട്ടിലെത്തുകയും വാക്കേറ്റവും തർക്കവും അക്രമത്തിൽ കലാശിക്കുകയുമായിരുന്നു. ആക്രമണത്തിൽ വിനോദിന്റെ മകനും ബന്ധുക്കളായ സ്ത്രീകൾക്കും പുരുഷന്മാർക്കും പരിക്കേറ്റു. പരിക്കേറ്റവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

സംഭവത്തിൽ വിനോദിന്റെ സഹോദരൻ സന്തോഷും മറ്റ് ബന്ധുക്കളും ചേർന്ന് ചിറയിൻകീഴ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരാതി സ്വീകരിച്ച ചിറയിൻകീഴ് പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പരാതിക്കാരായ ബന്ധുക്കളോട് വളരെ മോശമായി സംസാരിച്ചതായും ആക്ഷേപമുണ്ട്.