കുട്ടികളുമായി പോകുന്നതിനിടെ സ്‌കൂൾ ബസ് ഡ്രൈവർ ഹൃദയാഘാതത്താൽ മരിച്ചു,ബസ് കടയിലേക്ക് ഇടിച്ചുകയറി

ചിറയിൻകീഴ്: സ്‌കൂൾ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. നിയന്ത്രണംവിട്ട ബസ് കടയിലേക്കു ഇടിച്ചുകയറി നാലു വിദ്യാർഥികൾക്കു നിസ്സാര പരിക്കേറ്റു. ചിറയിൻകീഴ് മുട്ടപ്പലം മാർക്കറ്റ് ജങ്ഷനിലാണ് സംഭവം.
ആറ്റിങ്ങലിലെ മദർ ഇന്ത്യ ഇന്റർനാഷണൽ പബ്ലിക് സ്‌കൂളിലെ ബസ് ഡ്രൈവർ ആറ്റിങ്ങൽ കൊടുമൺ വിജയാഭവനിൽ മുരളീധരൻ നായരാണ് (70)മരിച്ചത്. ബുധനാഴ്ച വൈകീട്ട് 4.30-ന് ചിറയിൻകീഴ് മുടപുരം ഭാഗത്തുനിന്ന് മുട്ടപ്പലം വഴി അഴൂരിലേക്കു വരുമ്പോൾ മുട്ടപ്പലം ജങ്ഷനിലെത്തിയപ്പോൾ ഡ്രൈവർ സീറ്റിൽനിന്ന് ഒരു വശത്തേക്കു കുഴഞ്ഞുവീഴുകയായിരുന്നു. ബസിലുണ്ടായിരുന്ന സ്‌കൂൾ ജീവനക്കാരി ഡ്രൈവറുടെ അടുത്തെത്തിയെങ്കിലും ബസ് ജങ്ഷനു സമീപമുള്ള അടച്ചിട്ട കടയിൽ ഇടിച്ചുനിന്നു. ഇടിയുടെ ആഘാതത്തിലാണ് അൽഫൈസ്(12), അബൈദാസ് (13), ആദിഷ്(10), അതീഷ് (12) എന്നീ വിദ്യാർഥികൾക്ക് പരിക്കേറ്റത്.
കുഴഞ്ഞുവീണ മുരളീധരനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പരിക്കേറ്റ വിദ്യാർഥികളെ മുട്ടപ്പലത്തിനു സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സനൽകി വിട്ടയച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് ഡ്രൈവറെയും വിദ്യാർഥികളെയും പുറത്തെത്തിച്ചത്.
പരേതയായ വിജയമ്മയാണ് മുരളീധരൻ നായരുടെ ഭാര്യ. മക്കൾ: അജേഷ്, അജിത്ത്.
Content Highlights: School bus driver Muralidharan Nair (70) passed away due to a sudden cardiac arrest while driving., The bus veered off and crashed into a shop at Muttappalam junction, Chirayinkeezhu., Four students sustained minor injuries and received immediate medical treatment., Local residents assisted in the rescue operation.