DYFI-യിൽ പരിമിതി നേരിട്ടിട്ടില്ല, മാറ്റം കൊണ്ടുവരണമെങ്കിൽ സ്ത്രീകൾ താക്കോൽസ്ഥാനത്തുണ്ടാകണം- ചിന്ത

#ന്യൂസ് ഡെസ്ക്
ചിന്ത ജെറോം | Photo: Mathrubhumi
ചിന്ത ജെറോം | Photo: Mathrubhumi

തൃശ്ശൂർ: 1980-ൽ രൂപം കൊണ്ട ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡി.വൈ.എഫ്.ഐ.) യുടെ കേരള ഘടകത്തിന് 46 വർഷത്തിനുശേഷമാണ് ആദ്യമായി വനിതാ അധ്യക്ഷ വരുന്നത്.

യുവജനകമ്മിഷൻ മുൻഅധ്യക്ഷ കൂടിയായിരുന്ന ചിന്ത ജെറോം. അവർ മാതൃഭൂമിയുമായി ചിന്തകൾ പങ്കുവെക്കുന്നു.

?വനിത എന്ന നിലയ്ക്ക് സംഘടനാ പ്രവർത്തനത്തെ എങ്ങനെ കാണുന്നു

* ഡി.വൈ.എഫ്.ഐ.യിൽ എനിക്ക് ഒരു തരത്തിലുള്ള പരിമിതിയും നേരിടേണ്ടി വന്നിട്ടില്ല. കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകുകയും ചേർത്തുപിടിക്കുകയും ചെയ്യുന്ന സംഘടനയാണത്. ഇത്തവണ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഏഴ് വനിതകളെയും കമ്മിറ്റിയിൽ 24 വനിതകളെയും ഉൾപ്പെടുത്തി.

? മിസപോലുള്ള നാടകം ഇപ്പോഴും വിവാദമാകുന്ന നാടാണ് കേരളം. ഇതിനെ എങ്ങനെ കാണുന്നു

സോഷ്യൽ മീഡിയ കാലത്ത് നേരിടുന്ന വലിയ പ്രതിസന്ധിയാണത്. നാടകം കണ്ട എല്ലാവരും കൈയടിയോടെ സ്വീകരിച്ച കലാസൃഷ്ടിയാണത്. ആരും പ്രതീക്ഷിക്കാതെയാണ് കുപ്രചാരണമുണ്ടായത്.

മാധ്യമങ്ങൾ അത് ഏറ്റെടുത്ത് വസ്തുത പുറത്തുകൊണ്ടുവന്നതിനുശേഷമാണ് കാര്യങ്ങൾ എല്ലാവർക്കും ബോധ്യപ്പെട്ടത്. ഇത്തരം പ്രശ്നങ്ങൾ രാഷ്ട്രീയത്തിലുള്ള സ്ത്രീകൾ മാത്രമല്ല, കലാപ്രവർത്തകരും മാധ്യമപ്രവർത്തകരും നേരിടുന്നു.

? പുതിയ പെൺകുട്ടികളോട് പറയാനുള്ളത്

* സ്ത്രീകൾ ബഹുമുഖ ശേഷി (മൾട്ടി ടാസ്കിങ്‌) യുള്ളവരാണ്. ആ കഴിവ് ശരിയായ വഴിയിലൂടെ തിരിച്ചുവിട്ടാൽ വലിയ മാറ്റം ഉണ്ടാക്കാനാകും.

തീരുമാനങ്ങളെടുക്കുന്നതിൽ സ്ത്രീകൾക്കായിരിക്കണം മുൻഗണന. പൊതുരംഗത്ത് സ്ത്രീകൾ ശക്തമായി ഇടപെടണം. ‌മാറ്റം കൊണ്ടുവരണമെങ്കിൽ സ്ത്രീകൾ താക്കോൽ സ്ഥാനത്തുണ്ടാകണം.

Content Highlights: Chintha Jerome becomes the first female president of DYFI Kerala in its 46-year history., The new DYFI state committee includes 24 women, with 7 in the secretariat., Insights on women leadership, multitasking, and tackling social media controversies in Kerala politics.