പ്രതിഷേധപ്രകടനത്തിൽ അശ്ലീല മുദ്രാവാക്യം; ആരോപണം വസ്തുതാവിരുദ്ധമെന്ന് ചിന്താ ജെറോം

കൊല്ലം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന് നേരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു നടത്തിയ പ്രതിഷേധത്തിനെതിരായ പ്രതിഷേധ ജാഥയിൽ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചെന്ന ആരോപണം തള്ളി ചിന്താ ജെറോം. താൻ അസഭ്യം പറഞ്ഞു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും ചിന്താ ജെറോം പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വീഡിയോയുടെ ഒരു ഭാഗം മാത്രമാണ്. ഒരു പ്രതിഷേധപ്രകടനം നടക്കുമ്പോൾ വൈകാരികമായ മുദ്രാവാക്യങ്ങൾ ഉയരുന്നത് സ്വാഭാവികമാണ്. എന്നാൽ, സത്രീവിരുദ്ധമോ അസഭ്യമായതോ ആയ മുദ്രാവാക്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് വിലക്കാനുള്ള രാഷ്ട്രീയ ബോധം തങ്ങൾക്കുണ്ട്. അത്തരം വാക്കുകൾ താൻ ഏറ്റുവിളിച്ചിട്ടില്ലെന്നും പകരം അത്തരം പ്രവണതകളെ തിരുത്താനാണ് ശ്രമിച്ചതെന്നും അവർ പറഞ്ഞു.
എക്കാലത്തും സ്ത്രീപക്ഷ നിലപാടുകളും അരികുവൽക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയവും ഉയർത്തിപ്പിടിക്കുന്ന ഇടതുപക്ഷ പ്രവർത്തക എന്ന നിലയിൽ ഇത്തരം ആരോപണങ്ങൾ തന്നെയും തന്റെ കുടുംബത്തെയും വേദനിപ്പിക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.
ഒരു വനിതാ മന്ത്രിക്കെതിരെ പൊതുസ്ഥലത്ത് നടന്ന അതിക്രമത്തിനെതിരെ വലിയ ജനരോഷമാണ് സംസ്ഥാനത്താകെ ഉയരുന്നത്. കൊല്ലം നഗരത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പ്രതിഷേധ പരിപാടികളിലും തുടർന്ന് ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രകടനത്തിലും താൻ പങ്കെടുത്തതായും വലിയ വൈകാരികമായ പ്രതിഷേധമാണ് ജനങ്ങളിൽ നിന്നുണ്ടായതെന്നും ചിന്താ ജെറോം പറഞ്ഞു.
ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായി നിൽക്കുന്ന ഒരു സ്ത്രീ എന്ന നിലയിൽ തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ചിലർ ശ്രമിക്കുന്നത്. ആരോഗ്യ മന്ത്രിക്കെതിരെ നടന്ന അതിക്രമം എന്ന പ്രധാന വിഷയത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ചിന്താ ജെറോം ആരോപിച്ചു.
Content Highlights: Chintha Jerome denies allegations of shouting abusive slogans during a protest., Claims the viral social media video is clipped and taken out of context., Asserts the allegations are a conspiracy to divert attention from the assault on Minister Veena George., Reaffirms her commitment to feminist and progressive left-wing politics.