'അവൾ തളരില്ല, തുടർന്നും പഠിക്കും'; പീഡനം നേരിട്ട കുട്ടിക്ക് കെെത്താങ്ങുമായി ശിശുസംരക്ഷണസമിതി

പ്രതീകാത്മക ചിത്രം | Photo: REUTERS
പ്രതീകാത്മക ചിത്രം | Photo: REUTERS

പത്തനംതിട്ട: നേരിട്ട ക്രൂരപീഡനങ്ങളെല്ലാം മനസ്സിനെ വേട്ടയാടുന്നുണ്ട്. എന്നാൽ, അതിനും മേലെയാണ് അവളുടെ ഇച്ഛാശക്തി. ചെറുപ്പംമുതൽ മനസ്സിൽ സൂക്ഷിച്ച സ്വപ്നത്തിലേക്കെത്താൻ ഒരുങ്ങുകയാണ് ഈ പെൺകുട്ടി. കൈത്താങ്ങുമായി പത്തനംതിട്ട ജില്ലാ ശിശുസംരക്ഷണസമിതിയുമുണ്ട്. ക്രൂരപീഡനത്തിന് ഇരയായ പെൺകുട്ടി പ്ലസ്ടു പൂർത്തിയാക്കി ഉപരിപഠനത്തിന് ചേരുകയാണ്. കോഴ്സ് പ്രവേശനത്തിനുള്ള ഫീസ് ജില്ലാ ശിശുസംരക്ഷണസമിതി സർക്കാരിൽനിന്ന് ലഭ്യമാക്കി.

2023 മുതൽ പലതവണ അതിക്രൂരമായ പീഡനമാണ് പെൺകുട്ടി നേരിട്ടത്. ബന്ധുവായ 41-കാരിയുടെ ഒത്താശയോടെയായിരുന്നു ഇത്. ഇവരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഒന്നാംപ്രതിയായ അഭിഭാഷകനെ പിടികൂടാനായിട്ടില്ല.

ശിശുസംരക്ഷണസമിതി നടത്തിയ കൗൺസലിങ്ങിനിടെയാണ് പീഡനവിവരം പുറത്തുവന്നത്. നിറകണ്ണുകളോടെമാത്രമേ കുട്ടിയുടെ മൊഴി വായിക്കാൻ സാധിക്കൂവെന്ന് വിചാരണയ്ക്കിടെ ഹൈക്കോടതി ജഡ്ജി പറഞ്ഞിരുന്നു.

തുടർന്ന് പഠിക്കാനുള്ള അതിജീവിതയുടെ ആഗ്രഹത്തിന് പിന്തുണ നൽകണമെന്നും കോടതി നിർദേശിച്ചു. കേസിൽ ജില്ലാ ശിശുസംരക്ഷണസമിതി നിയമസഹായവും മാനസിക പിന്തുണയും ഉറപ്പാക്കുന്നുമുണ്ട്.കുട്ടിക്കാലം മുതൽ പഠിക്കാൻ ആഗ്രഹിച്ച കോഴ്സാണിതെന്ന് അതിജീവിത അറിയിച്ചെന്നും പ്രവേശന പരീക്ഷയെഴുതി കോഴ്സിന് യോഗ്യത നേടിയെന്നും ശിശുസംരക്ഷണസമിതി ജില്ലാ ചെയർമാൻ എൻ. രാജീവ് പറഞ്ഞു.

Content Highlights: child welfare committee supports the girl who have been raped