'ലഹരി മാഫിയ സമൂഹത്തെ നശിപ്പിക്കുന്നു'; ലഹരി വ്യാപനത്തില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ |ഫോട്ടോ:മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയന്‍ |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വ്യാപനത്തില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം 24നാണ് യോഗം. മന്ത്രിമാരും പൊലീസ്-എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. 

ലഹരിക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും ഇനി ആരംഭിക്കാനുള്ള നടപടികളും യോഗത്തില്‍ തീരുമാനിക്കും. ലഹരി മാഫിയയ്‌ക്കെതിരെ പോലീസും എക്‌സൈസും സംയുക്തമായി നടത്താനിരിക്കുന്ന നീക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. കോളേജ് ക്യാമ്പസില്‍നിന്നടക്കം വന്‍തോതില്‍ ലഹരിമരുന്ന് പിടിക്കപ്പെടുന്ന സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്.

ഇന്ന് കേരള പോലീസ് അക്കാദമിയില്‍ പാസിംഗ്ഔട്ട് പരേഡ് ചടങ്ങിലും മുഖ്യമന്ത്രി ലഹരിക്കെതിരെ സംസാരിക്കുകയുണ്ടായി.

അടുത്ത കാലത്തായി അനിയന്ത്രിതമായി പടരുന്ന  ലഹരി മാഫിയ പ്രായലിംഗഭേദമില്ലാതെ സമൂഹത്തെ നശിപ്പിക്കുന്നു. സിന്തറ്റിക് ലഹരി മരുന്നുകള്‍ മനുഷ്യരെ മനുഷ്യരല്ലാതാക്കുന്നു. ഇതിനെതിരെ പോലീസും എക്‌സൈസും ഫലപ്രദമായി ഇടപെടുന്നുണ്ട്. ആധുനിക സാങ്കേതികവിദ്യകള്‍ ദുരുപയോഗം ചെയ്യുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. ഇവയെ ചെറുത്തുതോല്‍പ്പിക്കാന്‍ കൂട്ടായ പരിശ്രമം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാനപാലനമാണ്  പൊലീസിന്റെ പ്രാഥമിക ചുമതലയെങ്കിലും ജനങ്ങള്‍ രക്ഷകരായാണ് പോലീസിനെ കാണുന്നതെന്നും അതനുസരിച്ചുള്ള ഉയര്‍ന്ന പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കാന്‍ പുതിയ സേനാംഗങ്ങള്‍ക്കാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Content Highlights: Chief Minister pinarayi vijayan calls high-level meeting on action against drug