ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് കേസിൽ വിധി തിങ്കളാഴ്ച

കോട്ടയം: നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ ഭൂമിയായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമാവകാശത്തിൽ ജനുവരി 19-ന് പാലാ സബ്കോടതി വിധി പറയും. അഞ്ചുവർഷമായിതുടരുന്ന നിയമയുദ്ധത്തിനാണ് കോടതി തീർപ്പാക്കുക. ഇപ്പോൾ അയന ചാരിറ്റബിൾ ട്രസ്റ്റ് കൈവശം വെച്ചിരിക്കുന്ന 2570 ഏക്കർ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞതാണെന്നും ഇത് സർക്കാരിൽ നിഷിപ്തമാകുമെന്നും കാണിച്ച് കോട്ടയം കളക്ടറാണ് കോടതിയെ സമീപിച്ചത്. ഇതിന്റെ വാദം കഴിഞ്ഞദിവസം പൂർത്തിയായി.
2018-ൽ രാജമാണിക്യം കമ്മിറ്റി, ചെറുവള്ളി അടക്കമുള്ള എസ്റ്റേറ്റുകളുടെ പാട്ടക്കാലാവധി തീർന്നതാണെന്നും സർക്കാർ ഏറ്റെടുക്കണമെന്നും ശുപാർശ നൽകിയിരുന്നു. സർക്കാർ ഏറ്റെടുക്കൽ വിജ്ഞാപനവും നടത്തി. എന്നാൽ ഭൂമിയുടെ മുൻ ഉടമകളായ ഹാരിസൺ മലയാളം ഹൈക്കോടതിയെ സമീപിച്ചു. ഭൂമി ഏറ്റെടുക്കൽ കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കാൻ സിവിൽ കോടതിയെ സമീപിക്കാനാണ് നിർദേശിച്ചത്. പിന്നീട് സുപ്രീംകോടതിയും സമാനനിരീക്ഷണം നടത്തി. ഇതോടെയാണ് സർക്കാർ പാലാ കോടതിയിൽ ഹർജി നൽകിയത്.
2018-ലെ ഹൈക്കോടതി വിധിയിൽത്തന്നെ ഭൂമി തങ്ങൾക്ക് അവകാശമുള്ളതാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങൾ ഉണ്ടെന്നാണ് ഇപ്പോഴത്തെ ഭൂ ഉടമകളായ അയന ട്രസ്റ്റിന്റെ വാദം. എന്നാൽ സിവിൽകേസിന് പോകാൻ കോടതി എന്തിന് നിർദേശിച്ചു എന്ന മറുചോദ്യം സർക്കാർ തിരികെ ചോദിച്ചു. 1865-ലെ പാട്ട വിളംബരപ്രകാരം ഭൂമിയിൽ തങ്ങൾക്ക് ഉടമാവകാശം ഉറപ്പിക്കാം എന്ന് അയന വാദിച്ചു. എന്നാൽ വിളംബരത്തിന് പിന്നീടുള്ള ഇടപാടുകളിൽ സാധുത ഇല്ലെന്നായിരുന്നു സർക്കാർ വാദം. വിമാനത്താവളത്തിനായി ഏറ്റെടുക്കാൻ മുമ്പ് വിജ്ഞാപനംചെയ്ത ഭൂമിയിൽ തങ്ങൾക്ക് ഉടമസ്ഥതയുണ്ടെന്ന് വാദിച്ച് പൂവരണി ഈറ്റത്തോട് കുടുംബവും രംഗത്തുണ്ട്.
ഭൂമി ആർക്കാണെന്ന കോടതിവിധി വിമാനത്താവളത്തിന്റെ ഭാവിയിലും നിർണായകമാകും. ഭൂമി സർക്കാരിന്റേതല്ലെന്നാണ് വിധിയെങ്കിൽ ഉടമകൾക്ക് പണം നൽകിയേ ഭൂമി എടുക്കാനാവൂ. അനുകൂല വിധിയെങ്കിൽ വിമാനത്താവള പദ്ധതി പ്രവർത്തനം വേഗത്തിലാക്കാൻ സർക്കാരിന് കഴിയും.
Content Highlights: cheruvally estate case sabarimala airport verdict on monday