ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങുന്നു; ഒരുവർഷത്തെ കരാർ ഒപ്പുവെച്ചു, കലാകാരന്മാരുടെ സംഘം ചൈനയിലേക്ക്‌

#വി. മുരളി
പ്രതീകാത്മക ചിത്രം.|Photo credit: മാതൃഭൂമി
പ്രതീകാത്മക ചിത്രം.|Photo credit: മാതൃഭൂമി

വടക്കാഞ്ചേരി (തൃശ്ശൂർ): ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങാൻ ചെറുതുരുത്തിയിലെ കഥകളി സ്കൂൾ. ചൈനീസ് സർക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന്റെ ക്ഷണം സ്വീകരിച്ച് ചൈനീസ് ചാങ്ക്ഷാ ഷിൻസി കൾച്ചറൽ കമ്പനിയുമായി ചേർന്നാണ് പഠനകേന്ദ്രം ആരംഭിക്കുന്നതെന്ന്‌ കഥകളി സ്കൂൾ ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണൻ പറഞ്ഞു. കേന്ദ്ര സാംസ്‌കാരിക വകുപ്പിനു കീഴിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് ചെറുതുരുത്തി കഥകളി സ്കൂൾ.

പഠനകേന്ദ്രം തുടങ്ങുന്നതിന് മുന്നോടിയായി കഥകളി സ്കൂൾ ബന്ധപ്പെട്ടവരുമായി ഒരു വർഷത്തെ കരാർ ഒപ്പുവെച്ചു. കഥകളി കലാകാരന്മാരായ കലാമണ്ഡലം ഒ. അനന്തു (കൊല്ലം), കലാമണ്ഡലം അജീഷ് ബാബു (മലപ്പുറം), കലാമണ്ഡലം കെ.എം. അനന്തു (പത്തനംതിട്ട), കലാമണ്ഡലം സായന്ത് (മുള്ളേരിയ, കാസർകോട്) എന്നിവരുടെ നേതൃത്വത്തിലാണ് ചൈനയിലെ പഠനകേന്ദ്രം പ്രവർത്തിക്കുക. കലാകാരന്മാരുടെ ഈ സംഘം വെള്ളിയാഴ്ച ചൈനയിലേക്ക്‌ യാത്ര തിരിക്കും.

ഒരു വർഷം സോദാഹരണ പ്രഭാഷണം, കഥകളി അവതരണം എന്നിവ പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടക്കും. മോഹിനിയാട്ടം, കളരിപ്പയറ്റ് എന്നീ കലകളുടെ പരിശീലനം ആരംഭിക്കുന്നതിനും ചൈനീസ് സാംസ്കാരിക വകുപ്പ് താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വിദേശത്തുനിന്നുള്ള ധാരാളം കലാകാരന്മാരും കഥകളി സ്കൂളിലെത്തി കലാപഠനം നടത്തും. ഡൽഹിയിലെ കേന്ദ്രസർക്കാരിന്റെ ഐ.സി.സി.ആർ. മുഖേന കഥകളി സ്കൂൾ നേരത്തേ ചൈനയിൽ കഥകളി അവതരിപ്പിച്ചിട്ടുണ്ട്.

Content Highlights: Cheruthuruthy Kathakali School is opening a study center in China., Initiative in collaboration with China's Changsha Xinsi Cultural Company upon Chinese government invitation., A one-year agreement has been signed with four Kathakali artists leading the center., Future plans include introducing Mohiniyattam and Kalaripayattu training.