ക്ലാസിൽ സംസാരിച്ച വിദ്യാർഥിയുടെ മുഖത്തടിച്ച് അധ്യാപകൻ, അന്വേഷിച്ചെത്തിയ അച്ഛനെയും ആക്രമിച്ചു- പരാതി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ചെർപ്പുളശ്ശേരി: ക്ലാസ് മുറിയിൽ സംസാരിച്ചതിന്റെ പേരിൽ അധ്യാപകൻ വിദ്യാർഥിയെ മുഖത്തടിച്ചതായി പരാതി. തൃക്കടീരി പി.ടി.എം. ഹൈസ്‌കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിയായ പതിനാലുകാരനാണ് അടിയേറ്റത്. സ്‌കൂളിലെ അധ്യാപകൻ കുട്ടിയെ കൈകൊണ്ട് മുഖത്തടിച്ചെന്നാണ് പരാതി. ബുധനാഴ്ച രാവിലെയാണ് സംഭവം. ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെട്ട കുട്ടിയെ രക്ഷിതാക്കളെത്തി ചെർപ്പുളശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നേരത്തെയും ഈ അധ്യാപകൻ തന്നെ മർദിച്ചിട്ടുണ്ടെന്നും അന്ന് രക്ഷിതാക്കൾ സ്‌കൂൾ പ്രധാനാധ്യാപികയോടും അധ്യാപകനോടും പരാതിപ്പെട്ടിരുന്നതായും വിദ്യാർഥി പറഞ്ഞു.

അടിയേറ്റതുകാരണം കടുത്ത വേദനയും മുഖത്ത് വീക്കവും വന്നതിനെത്തുടർന്ന് കുട്ടി ഫോണിൽ അച്ഛനെ വിളിച്ചറിയിച്ചു. തുടർന്ന്, സ്‌കൂളിലെത്തിയ തന്നെയും അധ്യാപകൻ ആക്രമിക്കാൻ ശ്രമിച്ചതായി കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തിൽ ചെർപ്പുളശ്ശേരി പോലീസിലും ചൈൽഡ് ലൈനിലും പരാതി നൽകിയതായും നിയമപരമായി മുന്നോട്ടുപോകുമെന്നും രക്ഷിതാക്കൾ പറഞ്ഞു.

സംഭവത്തിൽ രക്ഷിതാക്കളുടെ പരാതി കിട്ടിയിട്ടുണ്ടെന്നും പ്രാഥമികാന്വേഷണം നടത്തിയതിനുശേഷം മാത്രമേ തുടർനടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും ചെർപ്പുളശ്ശേരി പോലീസ് അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. നേതൃത്വത്തിൽ വെള്ളിയാഴ്ച സ്‌കൂളിലേക്ക് മാർച്ച് നടത്തും. വിഷയം അന്വേഷിച്ചുവരികയാണെന്നും നിജസ്ഥിതി പരിശോധിക്കുമെന്നും പ്രധാനാധ്യാപിക എം.വി. സുധ പറഞ്ഞു.

Content Highlights: A ninth-grade student was allegedly slapped by a teacher in Cherpulassery.