ചേരാനല്ലൂർ കേസ്: കോടതിയിൽ കൊമ്പുകോർത്ത് പ്രോസിക്യൂഷനും കുടുംബത്തിന്റെ അഭിഭാഷകനും; വാദം അടച്ചിട്ട മുറിയിൽ

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിന്റെ വാദം നടക്കുക ഇനി അടച്ചിട്ട മുറിയിൽ. കേസിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബവും അവരുടെ അഭിഭാഷകനും സ്വതന്ത്രമായ അന്വേഷണത്തിന് തടസ്സംനിൽക്കുന്നെന്ന ഗുരുതരമായ ആരോപണം പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചതിനെത്തുടർന്നാണ് ഈ തീരുമാനം. കുടുംബത്തിന്റെ അഭിഭാഷകൻ കോടതി നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നുവെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
പ്രോസിക്യൂഷൻ ഉന്നയിച്ച ആരോപണം ഗുരുതരമാണെന്ന് നിരീക്ഷിച്ച കോതി, ഇത് അനുവദിക്കാനാവില്ലെന്ന് അറിയിച്ചു. ഒരുവിധ സമ്മർദവുമില്ലാതെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയണം. പ്രോസിക്യൂഷനെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് കോടതിയെയാണ് അറിയിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. അഭിഭാഷകൻ മാധ്യമങ്ങളോട് സംസാരിച്ചതുമായി ബന്ധപ്പെട്ട ചില രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
അതേസമയം, പ്രോസിക്യൂഷൻ തങ്ങൾക്ക് ആവശ്യമായ രേഖകൾ നൽകുന്നില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷകൻ തിരിച്ചടിച്ചു. ഇതോടെ കോടതിയിൽ അഭിഭാഷകനും പ്രോസിക്യൂട്ടറും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. തങ്ങൾക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്നും എന്നാൽ, അത് പരസ്യമായി പറയാൻ കഴിയുന്ന സ്ഥിതിയല്ലെന്നും അഭിഭാഷകൻ വ്യക്തമാക്കിയതോടെയാണ് ഇൻക്യാമറ വാദത്തിലേക്ക് നടപടികൾ നീങ്ങിയത്. അടച്ചിട്ട മുറിയിലുള്ള വാദത്തെ കുടുംബം എതിർത്തെങ്കിലും വാദം ആനിലയിൽ തുടരുകയാണ്.
Content Highlights: Cheranalloor accident case trial shifted to in-camera (closed room) proceedings., Prosecution accused the victim's family and lawyer of hampering independent investigation., Allegations were made that the family's lawyer leaked false information to the media.