ചവറയിലെ തോൽവി: മുൻ ധനമന്ത്രി വെറുപ്പിച്ചു, മുൻ വ്യവസായമന്ത്രി തൊഴിലാളികളെ കളിയാക്കി; രൂക്ഷ വിമർശനം

#സ്വന്തം ലേഖകൻ

ചവറ: തിരഞ്ഞെടുപ്പുഫലം ചർച്ചചെയ്യാൻ ചേർന്ന സി.പി.എം. ചവറ ഏരിയ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിന്‌ വിമർശനം. യോഗത്തിൽ എൽ.ഡി.എഫ്. സർക്കാരിലെ വ്യവസായമന്ത്രിക്കും ധനമന്ത്രിക്കും ജില്ലാ നേതാക്കൾക്കും നേരേ രൂക്ഷവിമർശനമുണ്ടായി.  നിലനിർത്താമായിരുന്ന സീറ്റ് നഷ്ടപ്പെടുത്തിയത് സംഘടനാപരമായ പരാജയമാണ്. വിജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന ചവറ മണ്ഡലം കൈവിട്ടുപോയത് അംഗീകരിക്കാനാകില്ല. ചവറ കെ.എം.എം.എൽ. കമ്പനിയിലെ സൊസൈറ്റിയുടെ ഉദ്ഘാടനത്തിനെത്തിയ വ്യവസായമന്ത്രി ഡി.സി.ഡബ്ല്യു. തൊഴിലാളികളെ കളിയാക്കിയത് വോട്ട്‌ നഷ്ടപ്പെടാൻ ഇടയാക്കി.

എം.എസ്. യൂണിറ്റിലെ ഡി.സി.ഡബ്ല്യു. തൊഴിലാളികളെ കാഷ്വൽ ജീവനക്കാരാക്കണമെന്ന ആവശ്യമുയർന്നപ്പോൾ, ‘ഇരുന്നിട്ട് മതി കാലുനീട്ടാൻ’ എന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇതിനെതിരേ ജീവനക്കാരുടെയിടയിൽനിന്ന് ശക്തമായ പ്രതിഷേധമുണ്ടായി.

സുജിത് വിജയൻപിള്ള ഇക്കുറി പരാജയപ്പെട്ടാൽ അടുത്ത തവണ മത്സരിക്കില്ലെന്നും ആ സീറ്റ് തങ്ങൾക്കു കിട്ടുമെന്നുമുള്ള ചിലരുടെ ആഗ്രഹമാണ് തിരഞ്ഞെടുപ്പുപ്രവർത്തനത്തിലെ പാളിച്ചയ്ക്കു പിന്നിലെന്ന് കമ്മിറ്റി അംഗങ്ങളിൽനിന്ന് ആരോപണമുയർന്നു.

എൽ.ഡി.എഫ്. സർക്കാർ മികച്ച ഭരണം കാഴ്ചവെച്ചെങ്കിലും മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും ചില മന്ത്രിമാരുടെയും പെരുമാറ്റരീതി വോട്ടർമാരെ എൽ.ഡി.എഫിൽനിന്ന് അകറ്റി. ജില്ലാ സെക്രട്ടറിയും മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ചാർജുണ്ടായിരുന്ന സെക്രട്ടേറിയറ്റ് അംഗവും അമ്പേ പരാജയമായിരുന്നുവെന്ന് ചിലർ തുറന്നുപറഞ്ഞു.

പന്മന ചിറ്റൂർ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് ധനമന്ത്രി സ്വീകരിച്ച നിലപാട് ജനങ്ങളെ വെറുപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. പല ബൂത്തുകളിലും വോട്ട് കുറഞ്ഞത് നേതാക്കന്മാരുടെ ധാർഷ്ട്യത്തിനു കിട്ടിയ പ്രഹരമായിരുന്നെന്നും ആരോപണമുയർന്നു.

പാർട്ടിയുടെ പേരിൽ നടത്തുന്ന പിരിവ് ജനങ്ങൾ ഇഷ്ടപ്പെടുന്നില്ല. അനാവശ്യ പിരിവ് ഒഴിവാക്കണെമന്നും ഡി.വൈ.എഫ്.ഐ. കുറച്ചുകൂടി ശക്തമായി പ്രവർത്തിക്കണമെന്നും യോഗത്തിൽ നിർദേശമുയർന്നു.

ആരോഗ്യമന്ത്രിക്കെതിരേയും യോഗത്തിൽ വിമർശനം വന്നു. എൽ.ഡി.എഫ്. ഉറപ്പിച്ച മണ്ഡലം നഷ്ടപ്പെടുത്തിയത് ചില നേതാക്കന്മാരുടെ പ്രവർത്തനം കാരണമാണെന്ന വിലയിരുത്തലുണ്ടായി. വരുംനാളുകളിൽ ഒരേമനസ്സോടെ പ്രവർത്തിച്ചാൽ, തിരഞ്ഞെടുപ്പുകളിലെ പരാജയം ഒഴിവാക്കാനാകുമെന്ന നിർദേശവുമുണ്ടായി.

Content Highlights: Organizational failure led to the loss of a winnable seat in Chavara. Industrial Minister's derogatory remarks toward KMML workers caused voter backlash. Finance Minister's stance on Panmana Chittur land acquisition alienated locals. District leadership and secretariat members failed to manage election activities effectively. Unpopular party fund collection practices and leadership arrogance cited as major factors.