പാലാരിവട്ടം കുറ്റപത്രം തിരഞ്ഞെടുപ്പിന് മുമ്പ്; ചമ്രവട്ടം അഴിമതിയിലും ഇബ്രഹിംകുഞ്ഞിന് കുരുക്ക്

കൊച്ചി: പ്രതിപക്ഷത്തിനെതിരേയുളള സര്‍ക്കാരിന്റെ ആയുധങ്ങളിലൊന്നായ പാലാരിവട്ടം പാലം അഴിമതി കേസിലെ കുറ്റപത്രം തിരഞ്ഞെടുപ്പിന് മുമ്പായി സമര്‍പ്പിക്കും. മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞടക്കം 13 പ്രതികളാണ് കേസിലുള്ളത്.
പാലത്തിന്റെ നിര്‍മാണ കരാര്‍ ആര്‍ഡിഎക്‌സ് കമ്പനിക്ക് നല്‍കാന്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്നാണ് വിജിലന്‍സിന്റെ ആരോപണം. കേസിലെ പ്രധാന പ്രതികളെ എല്ലാം അറസ്റ്റ് ചെയ്തു. തെളിവുകള്‍ ശേഖരിച്ചുവെന്നും വിജിലന്‍സ് വിശദീകരിക്കുന്നു.
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് അനീഷിനെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെങ്കിലും അദ്ദേഹമടക്കം ഏഴു പേരെ അറസ്റ്റ് ചെയ്യാനിടയില്ല. കുറ്റപത്രം തയ്യാറാക്കുന്ന നടപടി അന്തിമ ഘട്ടത്തിലാണ്. പ്രോസിക്യൂഷന്റെ അനുമതി കൂടി ലഭിച്ച ശേഷം കുറ്റപത്രം സമര്‍പ്പിക്കും.
ഇതിനിടെ ചമ്രവട്ടം പാലവുമായി ബന്ധപ്പെട്ട അഴിമതിയില്‍ ഇബ്രാഹിംകുഞ്ഞിന് പങ്കുണ്ടോയെന്ന അന്വേഷണത്തിലാണ് വിജിലന്‍സ്. ചമ്രവട്ടം റഗുലേറ്റര്‍ ബ്രിഡ്ജിലേക്കുള്ള അഞ്ച് അപ്രോച്ച് റോഡുകളുടെ നിര്‍മാണ കരാറുമായി ബന്ധപ്പെട്ടാണ് അന്വേഷണം. പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ.സൂരജടക്കം ഒമ്പത് പേരെ പ്രതിയാക്കി വിജിലന്‍സ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
Content Highlights: chargesheet in the Palarivattom corruption case will be filed before the elections
Content Highlights: