സർക്കാരുകൾക്കും രാഷ്ട്രീയപ്പാർട്ടികൾക്കും മുന്നറിയിപ്പുമായി ചങ്ങനാശ്ശേരി അതിരൂപത

ചങ്ങനാശ്ശേരി അതിരൂപത | Photo: www.archdiocesechanganacherry.org
ചങ്ങനാശ്ശേരി അതിരൂപത | Photo: www.archdiocesechanganacherry.org

ചങ്ങനാശ്ശേരി : കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും രാഷ്ട്രീയപ്പാർട്ടികൾക്കും മുന്നണികൾക്കും മുന്നറിയിപ്പുമായി ചങ്ങനാശ്ശേരി അതിരൂപത. സമുദായ താത്പര്യം സംരക്ഷിക്കുന്നവർക്ക് അനുകൂലമായി രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്ന് ചങ്ങനാശ്ശേരി അതിരൂപത സംഘടിപ്പിച്ച സിറോ മലബാർ സഭ സാമുദായിക ശാക്തീകരണവർഷം പരിപാടിയിൽ പ്രമേയം. സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ നടത്തിയ ‘ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്ക അവസ്ഥ, ക്ഷേമം’ എന്നിവ സംബന്ധിച്ച പഠനങ്ങളുടെ റിപ്പോർട്ട് പുറത്തുവിടാത്തതിനുള്ള കാരണം സംസ്ഥാന സർക്കാർ വ്യക്തമാക്കണം.

റിപ്പോർട്ട് നടപ്പാക്കുന്നതിനുമുൻപ് സഭാ നേതൃത്വവുമായി കൂടിയാലോചന നടത്തി മാത്രമേ ശുപാർശ നടപ്പാക്കാവൂ. ഈ വിഷയത്തിൽ അധികാരത്തിൽ എത്തിയാൽ മറ്റു മുന്നണികൾ എന്ത് നിലപാട് സ്വീകരിക്കുമെന്ന് പരസ്യപ്രസ്താവന നടത്തണം. അടുത്ത സംസ്ഥാന ബജറ്റിൽ കുട്ടനാടിനുവേണ്ടി പ്രത്യേക പദ്ധതി ആവിഷ്കരിക്കണം. ന്യൂനപക്ഷ വിഭാഗങ്ങളിൽ എണ്ണത്തിൽ കുറവുള്ള ക്രൈസ്തവ വിഭാഗത്തെ മൈക്രോ മൈനോറിറ്റി ആയി പരിഗണിച്ച് പദ്ധതികൾ ആവിഷ്കരിക്കണം.

കേരള മുഖ്യമന്ത്രി ന്യൂനപക്ഷക്ഷേമവകുപ്പ് ഏറ്റെടുക്കണം.ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷസ്ഥാനം റൊട്ടേഷൻ അടിസ്ഥാനത്തിലായിരിക്കണം. ജനസംഖ്യ ആനുപാതികമായുള്ള ആനുകൂല്യങ്ങൾ ക്രൈസ്തവർക്ക് ലഭിക്കണം. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിലും അധ്യാപക നിയമനത്തിലും അനാവശ്യ ഇടപെടലുകൾ നടത്തുന്നതും മാനേജ്മെൻറുകൾ നിരന്തരം കോടതികൾ കയറുന്ന സാഹചര്യവും ഒഴിവാക്കണമെന്നും ചങ്ങനാശ്ശേരി അതിരൂപത പിആർഒ അഡ്വ. ജോജി ചിറയിൽ അവതാരകനായും ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ അനുവാദകനുമായി അവതരിപ്പിച്ച പ്രമേയം സമ്മേളനം അംഗീകരിച്ചു.

Content Highlights: Changanacherry Archdiocese issues a strong warning to governments & political parties. Demands protection of community interests & transparency on minority welfare reports.