'പ്രവർത്തകർ പക്വത കാണിക്കണം, ബാഹ്യസമ്മർദം ഉണ്ടോ എന്ന് സംശയം'; പ്രതിഷേധങ്ങളെ തള്ളി ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള ചർച്ചകൾക്കിടെ തെരുവിലിറങ്ങിയുള്ള പ്രവർത്തകരുടെ പരസ്യ പ്രതിഷേധങ്ങളെയും പ്രകടനങ്ങളെയും തള്ളി ചാണ്ടി ഉമ്മൻ എംഎൽഎ. മാതൃഭൂമി ന്യൂസിനോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
തെരുവിൽ കാണുന്നത് യഥാർഥ പൊതുജനവികാരമാണെന്ന് പറയാൻ കഴിയില്ലെന്നും വൈകാരികത പ്രകടിപ്പിക്കുന്ന പ്രവർത്തകർ പക്വത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പ്രകടനങ്ങൾക്ക് പിന്നിൽ ബാഹ്യസമ്മർദങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയോടും നേതാക്കളോടുമുള്ള സ്നേഹംകൊണ്ട് പ്രവർത്തകർ വൈകാരികമായി പെരുമാറുന്നതിൽ തെറ്റില്ലെങ്കിലും അതിൽ മിതത്വം പാലിക്കേണ്ടതുണ്ട്. പ്രകടനങ്ങൾക്കിടയിലേക്ക് മറ്റുള്ളവർ നുഴഞ്ഞുകയറി പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ അതിന്റെ ഉത്തരവാദിത്തം പാർട്ടിയുടെ തലയിൽ വരും. തന്റെ മണ്ഡലത്തിലുള്ള പ്രവർത്തകരോട് പരസ്യമായ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും നിൽക്കരുതെന്ന് താൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടിയെയും എ.കെ. ആന്റണിയെയും പോലുള്ള നേതാക്കളെ മുഖ്യമന്ത്രിമാരായി തിരഞ്ഞെടുത്ത പാർട്ടിയുടെ നടപടിക്രമങ്ങളിൽ പ്രവർത്തകർ വിശ്വാസമർപ്പിക്കുകയാണ് വേണ്ടത്. സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ പൊതുജനവികാരമായി കാണാൻ കഴിയില്ല. ഇത്തരം സന്ദർഭങ്ങൾ മറ്റ് രാഷ്ട്രീയ പാർട്ടികൾ മുതലെടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ കോൺഗ്രസ് പാർട്ടിയും മുന്നണിയും ഉചിതമായ തീരുമാനം ഉടൻ കൈക്കൊള്ളുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
Content Highlights: Chandy Oommen rejects public protests regarding the new CM selection., Advocates for party discipline and maturity among workers., Warns against external influence and potential infiltration in protests., Expresses faith in Congress party's traditional decision-making process., Urges supporters to avoid social media-driven public agitation.