പോലീസ് സ്‌റ്റേഷന്‍ ഉപരോധം: കല്ലേറില്‍ പോലീസുകാരന് പരിക്ക്; ചാണ്ടി ഉമ്മനും എം.വിന്‍സന്റിനുമെതിരെ കേസ്

തിരുവനന്തപുരം: കേരള സര്‍വകലാശാല കാര്യവട്ടം കാംപസില്‍ കെ.എസ്.യു. നേതാവിനെ എസ്.എഫ്.ഐക്കാര്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് ശ്രീകാര്യം പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച സംഭവത്തില്‍ എം.എല്‍.എമാര്‍ക്കെതിരെ കേസ്. കോവളം എം.എല്‍.എ. എം. വിന്‍സന്റിനും പുതുപ്പള്ളി എം.എല്‍.എ. ചാണ്ടി ഉമ്മനുമെതിരെയാണ് ശ്രീകാര്യം പോലീസ് കേസ് എടുത്തിരിക്കുന്നത്. ഉപരോധത്തിനിടെ കല്ലേറില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് പരിക്കേറ്റ സംഭവത്തിലാണ് കേസ് എടുത്തത്.
എം. വിന്‍സന്റ് ഒന്നാംപ്രതിയും ചാണ്ടി ഉമ്മന്‍ രണ്ടാം പ്രതിയുമാണ്. തിരിച്ചറിയാവുന്ന 20 യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു. പ്രവര്‍ത്തകരേയും പ്രതിചേര്‍ത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയുടെ 189(2), 191(1), 191 (2), 121 (1), 190 വകുപ്പുകള്‍ പ്രകാരമാണ് കേസ്.
എം.എല്‍.എമാരുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷനുമുന്‍പില്‍ കൂടിയ യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു. പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് കല്ലേറുണ്ടായെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. കല്ലേറില്‍ പോലീസ് ഉദ്യോഗസ്ഥന്റെ നെഞ്ചിന്റെ ഇടതുഭാഗത്ത് ചതവു പറ്റി. പൊതുസേവകനായ പരാതിക്കാരനെ ദേഹോപദ്രവം ഏല്‍പ്പിച്ച്, കര്‍ത്തവ്യത്തിന് തടസ്സമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
കെ.എസ്.യു. ജില്ലാ ജനറല്‍ സെക്രട്ടറി സാന്‍ജോസിനെ മര്‍ദിച്ച എസ്.എഫ്.ഐ. നേതാക്കള്‍ക്കെതിരെ കേസെടുത്തില്ലെന്ന് ആരോപിച്ചായിരുന്നു പോലീസ് സ്‌റ്റേഷന്‍ ഉപരോധം. ബുധനാഴ്ച അര്‍ധരാത്രി പ്രതിഷേധത്തിനിടെ എം. വിന്‍സന്റ് എം.എല്‍.എയും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായിരുന്നു. കാറില്‍ വന്നിറങ്ങിയ തന്നെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തുവെന്ന് വിന്‍സന്റ് പറഞ്ഞു. പോലീസിന് മുന്നില്‍വെച്ച് ആക്രമിച്ചിട്ടും നടപടി എടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: Case against Chandy Oomen and M Vincent on sreekaryam police station protest