ചക്കക്കൊമ്പൻ റേഷൻകട തകര്‍ത്തു, അരി തിന്നു; സ്ത്രീയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആനയിറങ്കലിലെ റേഷന്‍ കട
തകര്‍ത്ത് അരി തിന്നുന്ന ചക്കക്കൊമ്പന്‍

രാജാക്കാട് (ഇടുക്കി): ആനയിറങ്കലിലെ റേഷന്‍കടയുടെ ഭിത്തിതകര്‍ത്ത് ചക്കക്കൊമ്പന്‍ അരിച്ചാക്കുകള്‍ പുറത്തെടുത്ത് തിന്നു. റേഷന്‍കടയുടെ അകത്തുണ്ടായിരുന്ന ജീവനക്കാരിയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ശനിയാഴ്ച പുലര്‍ച്ചെ 4.30-നാണ് ആനയിറങ്കലിലെ റേഷന്‍കടയ്ക്ക് സമീപം എത്തിയ ചക്കക്കൊമ്പന്‍ കെട്ടിടത്തിന്റെ കല്‍ഭിത്തി പൊളിച്ചത്. ഈ കടയുടെ അകത്തുതന്നെയാണ് റേഷന്‍കട ജീവനക്കാരിയായ ലാവണ്യ, ഭര്‍ത്താവ് ശിവകുമാര്‍, ഇവരുടെ ഒന്നരവയസ്സുള്ള മകന്‍ ചിക്കു, മുത്തശ്ശി സെല്‍വി എന്നിവര്‍ താമസിച്ചിരുന്നത്.

ചക്കക്കൊമ്പന്‍ ഭിത്തിപൊളിക്കുന്ന ബഹളം കേട്ടുണര്‍ന്ന ലാവണ്യയും കുടുംബവും ശബ്ദമുണ്ടാക്കാതെ മറുഭാഗത്തെ ഭിത്തിയോട് ചേര്‍ന്നിരുന്നു. നാട്ടുകാര്‍ ബഹളം വെക്കുകയും സ്ഥലത്തെത്തിയ ചിന്നക്കനാല്‍ ആര്‍.ആര്‍.ടി. സംഘം പടക്കം പൊട്ടിക്കുകയും ചെയ്തതോടെയാണ് ചക്കക്കൊമ്പന്‍ അഞ്ചുമണിയോടെ ഇവിടെനിന്ന് പിന്‍വാങ്ങിയത്. അത്രയുംസമയം ലാവണ്യയും കുടുംബവും കടയ്ക്കുള്ളില്‍ത്തന്നെയിരുന്നു.


 

Content Highlights: chakkakomban wild elephant attacks ration shop