മാതൃഭൂമി ന്യൂസിന്റെ ലോഗോ വെച്ച് പുതിയതട്ടിപ്പ്; 'ചക്കക്കൊമ്പന്‍ ചികിത്സാസഹായ നിധി', നിയമനടപടി

തൊടുപുഴ: ഇടുക്കിയില്‍ ചക്കക്കൊമ്പനെന്ന് വിളിക്കുന്ന കാട്ടാനയെ വാഹനമിടിച്ച വാര്‍ത്തയ്ക്കു പിന്നാലെ തട്ടിപ്പുകാര്‍ രംഗത്ത്. ചക്കക്കൊമ്പന് ചികിത്സാസഹായം തേടി മാതൃഭൂമി ന്യൂസിന്റെ ലോഗോ വ്യാജമായി ഉപയോഗിച്ചുകൊണ്ടുള്ള കാര്‍ഡുകള്‍ സാമൂഹികമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുകയാണ്. ഇതുമായി മാതൃഭൂമി ന്യൂസിന് യാതൊരു ബന്ധവുമില്ല. മാതൃഭൂമി ന്യൂസിന്റെ ലോഗോ വെച്ചുള്ള ഈ തട്ടിപ്പിനെതിരെ നിയമനടപടി സ്വീകരിക്കും.
കാര്‍ഡില്‍ അക്കൗണ്ടിന്റെ പേരിന് നേര്‍ക്ക് സി.എം.ഡി.ആര്‍.എഫ്. എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊല്ലം സ്വദേശിയായ ഒരു ആനപ്രേമിയാണ് വാട്ട്‌സാപ്പില്‍ ലഭിച്ച ഈ കാര്‍ഡ് മാതൃഭൂമി ന്യൂസിന് കൈമാറിയത്.
ചക്കക്കൊമ്പനെ കാര്‍ ഇടിച്ചു എന്ന വാര്‍ത്തയുടെ സ്‌ക്രോള്‍, സ്‌ക്രീന്‍ഷോട്ട് എടുക്കുകയും കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ചക്കക്കൊമ്പന്‍ ചികിത്സാ സഹായ ഫണ്ട് ഉദാരമായി സംഭാവന ചെയ്യുക എന്നാണ് കാര്‍ഡിലുള്ളത്. ഈ കാര്‍ഡ് കണ്ട് ആരെങ്കിലും പണം അയച്ചാല്‍ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പോവുക.
Content Highlights: chakkakomban treatment fund fraud using mathrubhumi news channel logo