സംസ്ഥാനമറിയാതെ മീൻപിടിത്ത ബോട്ടുകൾക്ക് കേന്ദ്രത്തിന്റെ ആക്സസ് പാസ്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

തോപ്പുംപടി: കടലിൽ മീൻ പിടിക്കാനിറങ്ങുന്ന ബോട്ടുകൾക്ക് കേന്ദ്രസർക്കാർ ആക്സസ് പാസ് ഏർപ്പെടുത്തിയ നടപടി സംസ്ഥാന സർക്കാർ അറിഞ്ഞില്ല. പുതിയ മർച്ചന്റ് ഷിപ്പിങ് നിയമപ്രകാരമാണ് കടലിൽ മത്സ്യബന്ധനത്തിനിറങ്ങുന്ന എല്ലാ യാനങ്ങൾക്കും കേന്ദ്രസർക്കാർ പാസുകൾ നൽകിയത്. കഴിഞ്ഞദിവസം ഫിഷറീസ് സർവേ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ വെച്ചാണ് പാസുകൾ നൽകിത്തുടങ്ങിയത്. മത്സ്യമേഖലയെ കേന്ദ്ര നിയന്ത്രണത്തിന്റെ കീഴിലാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്. കടലിൽ മീൻപിടിക്കാനിറങ്ങുന്ന ബോട്ടുകൾക്ക് ഫീസ് ഈടാക്കാതെയാണ് ആക്സസ് പാസുകൾ നൽകിയത്. ലളിതമായ നടപടിക്രമത്തിലൂടെ പാസ് നൽകുകയായിരുന്നു.

അതേസമയം ആഴക്കടലിൽ നിശ്ചിത പരിധിക്കപ്പുറം ഇറങ്ങുന്ന യാനങ്ങൾക്ക് ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്. ആക്സസ് പാസ് എല്ലാവർക്കും ബാധകമാക്കിയതോടെ, കടലിൽ ഇറങ്ങുന്ന മത്സ്യബന്ധന ബോട്ടുകളെക്കുറിച്ച് വ്യക്തമായ ചിത്രം കേന്ദ്രസർക്കാരിന് ലഭിക്കും. നിലവിൽ ബോട്ടുകൾക്ക് ലൈസൻസ് നൽകുന്നതും ആഴക്കടലിൽ പ്രവർത്തിക്കുന്ന ബോട്ടുകളിൽനിന്ന് യൂസർ ഫീസ് ഈടാക്കുന്നതുമൊക്കെ സംസ്ഥാന സർക്കാരാണ്.

കടലിൽ 12 നോട്ടിക്കൽ മൈൽ ദൂരം വരെ സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിലാണ്. അതിനുപുറത്ത് കേന്ദ്രസർക്കാരിനാണ് അധികാരം. ഈ സംവിധാനത്തിന് മാറ്റമുണ്ടായിട്ടില്ല. എന്നാൽ പുതിയനിയമം വഴി യാനങ്ങളുടെ മേൽ കേന്ദ്രസർക്കാരിന് കൂടുതൽ അധികാരം ലഭിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ പുതിയനിയമം പ്രാബല്യത്തിലാക്കുന്നതിനുമുൻപ് ഒരു ചർച്ചയും സംസ്ഥാനവുമായി നടത്തിയിട്ടില്ലത്രെ. മത്സ്യത്തൊഴിലാളി സംഘടനകളുമായി ശരിയായ ചർച്ചകൾ നടത്തിയില്ലെന്ന് അവരുടെ പ്രതിനിധികളും പരാതിപ്പെടുന്നുണ്ട്. പല തരത്തിലുള്ള ഫീസുകൾ ഏർപ്പെടുത്തുന്നതിനെതിരേ ബോട്ടുടമകളും രംഗത്തുണ്ട്.

സർക്കാർ യോഗം വിളിക്കണം

തോപ്പുംപടി: ഫിഷറീസ് സർവേ ഓഫ് ഇന്ത്യ ഇടപെട്ട് യാനങ്ങൾക്ക് ആക്സസ് പാസ് നൽകിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ചചെയ്യുന്നതിന് സംസ്ഥാന സർക്കാർ തൊഴിലാളിസംഘടനകളുടെ യോഗം വിളിച്ചു ചേർക്കണമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് ആവശ്യപ്പെട്ടു. ഇത് സംസ്ഥാനങ്ങളുടെ അധികാര, അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം ആരോപിച്ചു.

Content Highlights: Central Government introduced mandatory access passes for all fishing boats., The move is part of the new Merchant Shipping Act regulations., Concerns raised over lack of consultation with state governments and fishing unions., Access passes enable central monitoring of fishing vessels beyond the 12-nautical mile limit., Fishing unions demand an urgent state-level meeting to discuss jurisdictional rights.