പാമ്പിനെ കടിച്ചുകുടഞ്ഞ്‌ തള്ളപ്പൂച്ച, പിന്നാലെ പൂച്ചക്കുഞ്ഞുങ്ങൾ; പിടിച്ചത് 8 അണലിക്കുഞ്ഞുങ്ങളെ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | Photo: AP
പ്രതീകാത്മകചിത്രം | Photo: AP

ആറ്റിങ്ങൽ: വീട്ടിൽ വളർത്തുന്ന അമ്മപ്പൂച്ചയും രണ്ട് കുഞ്ഞുപൂച്ചകളും ചേർന്ന് എട്ട് അണലിക്കുഞ്ഞുങ്ങളെ പിടികൂടി. ആറ്റിങ്ങൽ തച്ചൂർക്കുന്ന് തുമ്പിക്കോട്ടുകോണത്ത് ഒരാഴ്ച മുൻപാണ് സംഭവം. തുമ്പിക്കോട്ടുകോണം ചെല്ലംവീട്ടിൽ നിഷയുടെ വീട്ടിലെ നാടൻപൂച്ചകളാണ് ഒരു മണിക്കൂറിനുള്ളിൽ എട്ട് പാമ്പുകളെ പിടിച്ചു സ്റ്റാറായത്.

വീടിനു സമീപം കാടുകയറിക്കിടക്കുന്ന പുരയിടത്തിൽനിന്ന് പാമ്പിന്റെ തലയിൽ കടിച്ചുകുടഞ്ഞ്‌ മുറ്റത്തേക്ക് കയറിവരുന്ന തള്ളപ്പൂച്ചയെയാണ് നിഷ ആദ്യം കണ്ടത്. പിന്നാലെ നോക്കുമ്പോൾ രണ്ട് കുഞ്ഞൻപൂച്ചകളും പാമ്പുകളുമായി കയറിവന്നു. തിരികെപ്പോയ തള്ളപ്പൂച്ച വീണ്ടും പാമ്പിനെ പിടിച്ചുകൊണ്ടുവന്നപ്പോൾ നിഷ മറ്റുള്ളവരെ വിവരം അറിയിക്കുകയും പാമ്പുപിടുത്തക്കരാനായ വെഞ്ഞാറമൂട് സ്വദേശി രാജേഷ് തിരുവാമനയെ വിവരം അറിയിക്കുകയും ചെയ്തു. അരമണിക്കൂറിനുള്ളിൽ രാജേഷ് സ്ഥലത്തെത്തുമ്പോഴേക്കും പൂച്ചകൾ ചേർന്ന് നാല് പാമ്പിനെക്കൂടി പിടിച്ചിരുന്നു. പൂച്ചകൾ പിടികൂടിയ എട്ട് പാമ്പുകളും ചത്തുപോയി.

പുരയിടത്തിൽ അവശേഷിച്ച മൂന്നു പാമ്പിൻകുഞ്ഞുങ്ങളെ രാജേഷ് ജീവനോടെ പിടികൂടി. വീടിനു സമീപം അണലിക്കൂട്ടം കിടന്നിരുന്നുവെന്നതിന്റെ ഞെട്ടലിലാണ് നിഷയുടെ കുടുംബം. പാമ്പുഭീഷണിയിൽനിന്ന് രക്ഷിച്ച പൂച്ചകൾ ഇപ്പോൾ ഇവരുടെ ഓമനകളാണ്. വിവരം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഒരുപാടുപേർ ഈ പൂച്ചകളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

Content Highlights: A domestic mother cat and her kittens successfully hunted eight Russell's vipers., The incident occurred in Thachurkunnu, Attingal in 2026., Professional snake catcher Rajesh Thiruvamana recovered three additional live snakes., The family remains safe thanks to the intervention of their pets.