‘കവർച്ചക്കാരുടെ രീതി’; അന്ത്യോക്യ പാത്രിയർക്കീസ് ബാവയുടെ കോതമംഗലം, മണർകാട് പള്ളി സന്ദർശനത്തെ വിമർശിച്ച് കാതോലിക്കാ ബാവാ

#ന്യൂസ് ഡെസ്ക്
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ | Photo: PG Unnikrishnan/ Mathrubhumi
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ | Photo: PG Unnikrishnan/ Mathrubhumi

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള കോതമംഗലം, മണർകാട് പള്ളികളിൽ അന്ത്യോക്യ പാത്രിയർക്കീസ് ബാവ അതിക്രമിച്ചു കയറിയ നടപടി വലിയ അപരാധവും നിയമലംഘനവുമാണെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. സഭയുടെ പള്ളികളിൽ ഉൾപ്പെട്ട ഈ പുരാതന പള്ളികളിൽ അവകാശമില്ലാത്തവർ അനധികൃതമായി കയറുന്നത് കവർച്ചക്കാരുടെ രീതിയാണെന്നും അതിന് ആർക്കും അധികാരമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ പള്ളികളിൽ പ്രവേശിക്കാൻ മലങ്കര മെത്രാപ്പോലീത്തായ്ക്കും കാതോലിക്കായ്ക്കും അദ്ദേഹം നിയമിച്ച മെത്രാപ്പോലീത്തായ്ക്കും മാത്രമാണ് സർവ്വ അധികാരമുള്ളതെന്നും മറ്റാർക്കും അവിടെ പ്രവേശിക്കാൻ അവകാശമില്ലെന്നും കാതോലിക്കാ ബാവാ വ്യക്തമാക്കി.

അനധികൃതമായി കവർച്ച നടത്തി സഭാസ്വത്തുക്കൾ കൈക്കലാക്കാനുള്ള നീക്കങ്ങൾ മലങ്കര സഭ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും നീതി നടപ്പാക്കാൻ സഭ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരം നിയമവിരുദ്ധമായ കൈയേറ്റങ്ങൾക്ക് ഏത് സർക്കാർ ഒത്താശ ചെയ്താലും സഭ അതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും അത്തരം ഒത്താശകൾക്ക് പുറകെ നിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കടനാട് ഭദ്രാസനത്തിലെ ആട്ടിൻകുന്ന് പള്ളിയിൽ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് സംസാരിക്കവെ കാതോലിക്കാ ബാവാ സർക്കാരിനും മന്ത്രിയ്ക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. ഈ ഗവൺമെന്റിലെ തന്നെ ഒരു മന്ത്രിയുടെ ഇടവകപ്പള്ളിയായ അവിടെ സഭ കൈവശം വെച്ചിരുന്ന റബർ മരങ്ങൾ മറുവിഭാഗം വെട്ടിനശിപ്പിച്ചത് മന്ത്രിയുടെ ഒത്താശയോടെയാണെന്ന് അദ്ദേഹം ആരോപിച്ചു.

മരങ്ങൾ വാളുകൊണ്ടും മഴുക്കൊണ്ടും വെട്ടി പട്ടകൾ ചീന്തി നശിപ്പിച്ച ഇത്തരം കിരാതമായ പ്രവർത്തനങ്ങൾ ചെയ്യുന്നവർ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് കാതോലിക്കാ ബാവാ ചോദിച്ചു. അർഹതയില്ലാത്തിടത്ത് പാത്രിയർക്കീസ് ബാവ അതിക്രമിച്ചു കയറിയതുപോലെ തന്നെയാണ് ആട്ടിൻകുന്ന് പള്ളിയിലും അക്രമം നടത്തിയതെന്ന് അദ്ദേഹം വിമർശിച്ചു. ജനാധിപത്യപരമായ രാജ്യത്ത് രണ്ട് വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടെങ്കിൽ കോടതിയെ സമീപിച്ച് നിയമങ്ങൾ അനുസരിച്ച് നടക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ നിയമങ്ങളും കോടതിവിധികളും ലംഘിച്ച് പ്രവർത്തിക്കുന്നവർ രാജ്യദ്രോഹികളാണെന്നും പാത്രിയർക്കീസ് ബാവയോ മറുവിഭാഗത്തിലെ മെത്രാന്മാരോ അത്തരം രാജ്യദ്രോഹികളായി മാറരുതെന്നും കാതോലിക്കാ ബാവാ ഓർമ്മിപ്പിച്ചു. മുൻപ് ആനപ്പാപ്പി മുതൽ അഞ്ചോളം സഭാംഗങ്ങൾ രക്തസാക്ഷികളായി കൊല്ലപ്പെട്ടപ്പോഴും മലങ്കര സഭ പകരം അക്രമങ്ങൾക്ക് തുനിഞ്ഞിട്ടില്ലെന്നും സഭ എപ്പോഴും സമാധാനപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമത്തിനോ അടിപിടിക്കോ പോകരുതെന്ന് സഭാംഗങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.