കശുവണ്ടി അഴിമതി കേസ്: ഹൈക്കോടതിയിൽ നേരിട്ടെത്തി മാപ്പപേക്ഷിച്ച് വ്യവസായ സെക്രട്ടറി

കൊച്ചി: വിവാദമായ കശുവണ്ടി ഇറക്കുമതി അഴിമതി കേസിലെ കോടതി അലക്ഷ്യ നടപടികളിൽ നിരുപാധികം മാപ്പപേക്ഷിച്ച് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്. ഹൈക്കോടതിയിൽ നേരിട്ട് ഹാജരായാണ് മുഹമ്മദ് ഹനീഷ് മാപ്പപേക്ഷിച്ചുകൊണ്ടുള്ള സത്യവാങ്മൂലം സമർപ്പിച്ചത്. കോടതി ഉത്തരവ് നടപ്പിലാക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുഹമ്മദ് ഹനീഷിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം കോടതിയിൽ ഹാജരായി സത്യവാങ്മൂലം സമർപ്പിച്ചത്.
ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുഹമ്മദ് ഹനീഷിനോട് താങ്കൾക്ക് കോടതി ഉത്തരവുകൾ വായിച്ചു മനസ്സിലാക്കാനുള്ള അറിവുള്ള ആൾ തന്നെയല്ലേ എന്ന് കോടതി രൂക്ഷമായി ചോദിച്ചു. മുൻപ് കോടതി ഉത്തരവ് നിലവിലുണ്ടായിട്ടും അത് അവഗണിച്ച് രണ്ടു തവണ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച് ഉത്തരവിറക്കിയത് മുഹമ്മദ് ഹനീഷ് ആയിരുന്നു. എന്തുകൊണ്ടാണ് കോടതി ഉത്തരവിന് വിരുദ്ധമായ നടപടികൾ സ്വീകരിച്ചതെന്ന് വിശദീകരിക്കാൻ കോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
പത്താം തീയതിക്കകം പ്രോസിക്യൂഷൻ അനുമതിയിൽ തീരുമാനമെടുക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ എട്ടാം തീയതി തന്നെ വകുപ്പിന്റെ ചുമതലയിൽ നിന്ന് മാറ്റിയതിനാലാണ് കൃത്യസമയത്ത് തീരുമാനം എടുക്കാൻ കഴിയാത്തതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
കോടതി അലക്ഷ്യ നടപടികൾ തുടങ്ങിയപ്പോൾ അദ്ദേഹം സുപ്രീം കോടതിയെയും ഡിവിഷൻ ബെഞ്ചിനെയും സമീപിച്ചിരുന്നു. പക്ഷേ അവിടെനിന്നും തിരിച്ചടി നേരിട്ടു. എന്നിട്ടും കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിടുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയത്. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം കോടതിയിൽ നേരിട്ട് ഹാജരായി നിരുപാധികം മാപ്പപേക്ഷിച്ചത്.
പ്രോസിക്യൂഷൻ അനുമതി നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്ത് കോടതിയെ അറിയിക്കാൻ ഹൈക്കോടതി ജൂലൈ 2 വരെയാണ് സർക്കാരിന് സമയം അനുവദിച്ചിരിക്കുന്നത്. അന്ന് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ സർക്കാരിനെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. മുഹമ്മദ് ഹനീഷ് നൽകിയ മാപ്പപേക്ഷയും ജൂലൈ 2-ന് കോടതി വീണ്ടും പരിഗണിക്കും.
കേസിലെ പ്രതികളായ ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരൻ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകാൻ സർക്കാർ ഇപ്പോൾ ധാരണയിലെത്തിയിട്ടുണ്ട്. മുൻ സർക്കാരിന്റെ കാലത്ത് മൂന്ന് തവണ ഇവർക്ക് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചിരുന്നു. എന്നാൽ കോടതിയുടെ കർശന നിലപാട് കണക്കിലെടുത്ത്, നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
Content Highlights: Industrial Secretary Mohammed Hanish appeared before the Kerala High Court to submit an unconditional apology regarding the contempt of court proceedings related to the cashew corruption case.