കൈവെട്ട് പരാമര്‍ശം: സത്താര്‍ പന്തല്ലൂരിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു

സത്താർ പന്തല്ലൂർ | Photo: Screengrab/Mathrubhumi News
സത്താർ പന്തല്ലൂർ | Photo: Screengrab/Mathrubhumi News

മലപ്പുറം: എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ നടത്തിയ കൈവെട്ട് പരാമര്‍ശത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അഷ്‌റഫ് കളത്തിങ്ങല്‍പാറയുടെ പരാതിയില്‍ മലപ്പുറം പോലീസാണ് കേസെടുത്തത്. 

ഐ.പി.സി. 153 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസുമായി മുന്നോട്ട് പോകുമെന്നും ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നാട്ടില്‍ കലാപം ഉണ്ടാകാതിരിക്കാന്‍ ഒരു ശ്രമമെന്ന നിലയിലാണ് പരാതി നല്‍കിയതെന്നും അഷ്‌റഫ് കളത്തിങ്ങല്‍പാറ പ്രതികരിച്ചു.

എസ്.കെ.എസ്.എസ്.എഫിന്റെ 35-ാം വാര്‍ഷികസമ്മേളനത്തോടനുബന്ധിച്ച് മലപ്പുറത്ത് നടന്ന മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനസമ്മേളനത്തിലായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ വിവാദപരാമര്‍ശം. 

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്മാരെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും ആരുവന്നാലും അവരുടെ കൈവെട്ടാന്‍ എസ്.കെ.എസ്.എസ്.എഫ്. പ്രവര്‍ത്തകരുണ്ടാവുമെന്നും സമസ്ത മുഷാവറ ആ തീരുമാനമെടുത്താല്‍ അത് അംഗീകരിക്കുമെന്നുമായിരുന്നു പരാമര്‍ശം.

Content Highlights: case filed against Sathar Panthaloor