ഏരിയ സമ്മേളനത്തിനായുള്ള പണം പിരിക്കൽ:മധു മുല്ലശ്ശേരിയെ കുരുക്കാൻ സി.പി.എം;പ്രതിരോധിക്കാൻ ബി.ജെ.പി

ആറ്റിങ്ങൽ: സി.പി.എം. വിട്ട് ബി.ജെ.പി.യിലേക്ക് പോയ മധു മുല്ലശ്ശേരിക്കെതിരേ നിയമ നടപടി കടുപ്പിക്കാൻ സി.പി.എം. പാർട്ടി ഏരിയാ സെക്രട്ടറി എം.ജലീൽ നൽകിയ പരാതിയിൽ മധുവിനെതിരേ ജാമ്യമില്ലാ വകുപ്പു ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം മധുവിനെതിരായ സി.പി.എം. നീക്കം പ്രതികാരനടപടിയാണെന്നാരോപിച്ച് ബി.ജെ.പി.യും രംഗത്തെത്തി. വ്യാജ കേസാണെന്നാരോപിച്ച് മംഗലപുരം പോലീസ് സ്റ്റേഷനിലേക്ക് ശനിയാഴ്ച ബി.ജെ.പി. മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
മംഗലപുരം ഏരിയാ സമ്മേളനത്തിനായി പിരിച്ചെടുത്ത ഏഴ് ലക്ഷത്തിലധികം രൂപ പാർട്ടിക്ക് കൈമാറിയിട്ടില്ലെന്നും ഇത് സാമ്പത്തിക തട്ടിപ്പാണെന്നും കാട്ടിയാണ് ഏരിയാ സെക്രട്ടറി എം.ജലീൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി.ക്ക് പരാതി നൽകിയത്. പരാതിയിൽ സാമ്പത്തികത്തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മംഗലപുരം പോലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്.
സി.പി.എം. മംഗലപുരം മുൻ ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരി അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ഏരിയാ സമ്മേളനവേദിയിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് ബി.ജെ.പി.യിൽ അംഗത്വമെടുത്തു. ഇപ്പോൾ ബി.ജെ.പി. സംസ്ഥാന സമിതിയംഗമാണ്.
ഏരിയാ സമ്മേളനത്തിനായുള്ള സജ്ജീകരണങ്ങൾ നടത്തിയവർക്ക് ഇതുവരെ പണം കൊടുത്തിട്ടില്ല. മൈക്ക് സെറ്റ്, പന്തൽ, അലങ്കാരപ്പണികൾ എന്നിവയെല്ലാം ചെയ്തവർ പണത്തിനായി കയറിയിറങ്ങാൻ തുടങ്ങിയതോടെയാണ് പരാതി നൽകിയതെന്ന് സി.പി.എം.നേതൃത്വം പറയുന്നു.
ഇതിനിടെ മധു മുല്ലശ്ശേരിക്കെതിരേ വ്യാജക്കേസ് എടുത്ത് വേട്ടയാടാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു. കള്ളക്കേസെടുത്തോ ശാരീരികാക്രമണം നടത്തിയോ വേട്ടയാടലിന് സി.പി.എം. മുതിർന്നാൽ അതേ നാണയത്തിൽ നേരിടുമെന്നും രാജേഷ് പറഞ്ഞു.
മംഗലപുരം ഏരിയാ സമ്മേളനത്തിന് ആരിൽനിന്നും പണം പിരിച്ചിട്ടില്ലെന്നും തെളിവുണ്ടെങ്കിൽ പുറത്ത് വിടട്ടെയെന്നും മധു മുല്ലശ്ശേരിയും വെല്ലുവിളിച്ചു. ആരോപണങ്ങൾ ഉന്നയിച്ചാൽ മാത്രം പോര തെളിവുകളും നൽകണം. മംഗലപുരം ഏരിയയിലെ സഹകരണ ബാങ്കുകളിൽനിന്ന് സി.പി.എം. നേതാക്കളെടുത്ത കടം തിരികെ അടയ്ക്കാൻ നിർദേശിച്ചതോടെയാണ് ജില്ലാ സെക്രട്ടറി വി.ജോയി ശത്രുതയോടെ പെരുമാറിത്തുടങ്ങിയതെന്നും മധു മുല്ലശ്ശേരി ആരോപിച്ചു.
ഏരിയാ സമ്മേളനത്തിന് സംഘാടകസമിതി കൂടി ചെയർമാനെയും കൺവീനറെയും തിരഞ്ഞെടുത്തിരുന്നു. അവരാണ് പണപ്പിരിവ് നടത്തിയത്. താൻ രസീത് എഴുതിയോ ഒപ്പിട്ടോ ആരിൽ നിന്നും പണപ്പിരിവ് നടത്തിയിട്ടില്ലെന്നും സംഘാടക സമിതിക്കാർ രസീത് എഴുതാതെ പണം വാങ്ങിയോ എന്ന് അറിയില്ലെന്നും മധു പറഞ്ഞു. മുൻകൂർ ജാമ്യത്തിനായി മധു ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്. പോലീസ് നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് ബി.ജെ.പി.യുടെ തീരുമാനം.
Content Highlights: Case against Madhu Mullassery under non bailable section