കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത് രണ്ട് മലയാളികൾ ഉള്‍പ്പടെ 10 പേരെ, യാതൊരു വിവരവുമില്ല

രജീന്ദ്രൻ ഭാർ​ഗവൻ | ഫോട്ടോ: മാതൃഭൂമി
രജീന്ദ്രൻ ഭാർ​ഗവൻ | ഫോട്ടോ: മാതൃഭൂമി

ഉദുമ: കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ 10 കപ്പൽ ജീവനക്കാരും ഇപ്പോഴും എവിടെയുണ്ടെന്നതിൽ വീട്ടുകാർക്ക് വിവരമൊന്നും ലഭിച്ചില്ല. പടിഞ്ഞാറൻ ആഫ്രിക്കയിലെ ലോമേ തുറമുഖത്തുനിന്ന് കാമറൂണിലേക്ക് പോകുന്നതിനിടെ 17-ന് രാത്രി വിറ്റൂ റിവർ എന്ന ചരക്കുകപ്പലിലെ ജീവനക്കാരെയാണ്‌ തട്ടിക്കൊണ്ടുപോയത്‌.

ഏഴ് ജീവനക്കാർ ഇന്ത്യക്കാരും മൂന്നുപേർ റൊമാനിയക്കാരുമാണെന്നാണ്‌ വിവരം. കാസർകോട് കോട്ടിക്കുളം ഗോപാൽപേട്ടയിലെ രജീന്ദ്രൻ ഭാർഗവനും മറ്റൊരു മലയാളിയായ ആസിഫ് അലി (മിനിക്കോയി), മൂന്നുവർഷമായി മാരിടെക്ക് കമ്പനിയിൽ സെക്കൻഡ്‌ മേറ്റായി ജോലിചെയ്യുന്ന തമിഴ്നാട്ടുകാരൻ പ്രദീപ്‌ മുരുകൻ, തമിഴ്‌നാട്‌ കരൂർ സ്വദേശി സതീഷ് കുമാർ സെൽവരാജ്, സന്ദീപ് കുമാർ സിങ് (ബിഹാർ), സമീൻ ജാവീദ്, സോൾക്കർ റിഹാൻ ഷബീർ (ഇരുവരും മഹാരാഷ്ട്ര) എന്നിവരും കടൽക്കൊള്ളക്കാരുടെ തടവിലാണ്‌. രജീന്ദ്രൻ സെപ്റ്റംബറിലാണ് ഈ കപ്പലിൽ ജോലിയിൽ ചേർന്നത്. പനയാൽ അമ്പങ്ങാട് കോട്ടപ്പാറയിലാണ് രജീന്ദ്രൻ ഇപ്പോൾ താമസം.

പാനമ രജിസ്ട്രേഷനുള്ള കപ്പൽ മുംബൈയിലെ മാരിടെക്‌ ടാങ്കർ മാനേജ്മെന്റാണ്‌ ചരക്കുകടത്തിന് ഉപയോഗിക്കുന്നത്. ഈ കമ്പനിയുമായി ചൊവ്വാഴ്ചയും രജീന്ദ്രന്‍റെ വീട്ടുകാർ ബന്ധപ്പെട്ടെങ്കിലും തടവിലാക്കപ്പെട്ടവർ എവിടെയുണ്ടെന്നോ തട്ടിക്കൊണ്ടുപോയവരുടെ ആവശ്യം എന്താണെന്നോ അറിയിച്ചിട്ടില്ലെന്ന് അടുത്ത ബന്ധുവായ കെ.വി. സജിത്ത് പറഞ്ഞു.

ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് കമ്പനി വീട്ടുകാരെ അറിയിച്ചിരുന്നു. അതേസമയം ബന്ധപ്പെട്ട രാജ്യത്തിന്‍റെ എംബസിയിൽനിന്ന് വിവരങ്ങൾ തേടിയിട്ടുണ്ടെന്ന എംപിമാരുടെ മറുപടി ഇ-മെയിലിൽ ലഭിച്ചുവെന്ന് സജിത് പറഞ്ഞു. നോർക്കയുടെ ഓഫീസും വീട്ടുകാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

കപ്പൽ കമ്പനി മാർച്ച് 18-നാണ് രജീന്ദ്രന്റെ ഭാര്യ വാണിയെ വിവരം അറിയിച്ചത്. കപ്പലിലെ ചീഫ് കുക്കായ രജീന്ദ്രനെ 17-ന് രാത്രി 11.30-നുശേഷം ബന്ധപ്പെടാൻ വീട്ടുകാർക്കായിട്ടില്ല. ജീവനക്കാരെ തട്ടിയെടുത്തശേഷം കൊള്ളക്കാർ കപ്പൽ ഒഴിവാക്കിയിരുന്നു. പകരം ജോലിക്കാരെ എത്തിച്ച് കപ്പൽ ലക്ഷ്യസ്ഥാനത്ത്‌ എത്തിക്കാനുള്ള നടപടി വൈകാതെ സ്വീകരിക്കുന്നതാണ് കീഴ്‌വഴക്കമെന്ന് കപ്പലുകളിൽ ജോലി ചെയ്തിട്ടുള്ളവർ പറഞ്ഞു. ബുധനാഴ്ചയോടെ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തതവരുമെന്ന പ്രതീക്ഷയിലാണ് വാണിയും വീട്ടുകാരും.

Content Highlights: cargo ship hijacked including keralites-no information