വിപണിയിൽ സജീവമായി അന്യസംസ്ഥാന ഇനങ്ങൾ; 'കയ്ക്കും' ഈ മാമ്പഴങ്ങൾ കഴിച്ചാൽ

കാസർകോട്: സംസ്ഥാനത്ത് തനത് മാമ്പഴ സീസൺ അവസാനിച്ചതോടെ, ഇപ്പോൾ അന്യസംസ്ഥാനങ്ങളിൽനിന്നുള്ള മാമ്പഴങ്ങൾ വിപണി കൈയടക്കി. പ്രധാനമായും തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽനിന്നുള്ള മാമ്പഴമാണ് വിപണിയിലുള്ളത്. എന്നാൽ ഇവയിൽ ഭൂരിഭാഗവും മാരകമായ കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ചതാണെന്ന് പരാതി ഉയരുന്നുണ്ട്.
മാമ്പഴപ്പെട്ടികളിൽ വെക്കുന്ന ചാരനിറത്തിലുള്ള കാൽസ്യം കാർബൈഡ് അന്തരീക്ഷത്തിലെയും മാങ്ങയിലെയും ഈർപ്പവുമായി പ്രതിപ്രവർത്തിച്ച് മാങ്ങ പഴുപ്പിക്കാൻ സഹായിക്കുന്ന അസറ്റിലിൻ വാതകം പുറന്തള്ളുകയും ഉപോത്പന്നമായി കാൽസ്യം ഹൈഡ്രോക്‌സൈഡ് അവശേഷിക്കുകയും ചെയ്യും. ഇതാണ് വെളുത്ത ചോക്കുപൊടി പോലെ കാണപ്പെടുന്നത്. പഴങ്ങൾ വാങ്ങിയ ശേഷം കുറഞ്ഞത് ഒരുമണിക്കൂറെങ്കിലും വൃത്തിയുള്ള വെള്ളത്തിൽ മുക്കിവെച്ച ശേഷം ഉപയോഗിക്കുന്നത് ഒരുപരിധിവരെ രാസാവശിഷ്ടങ്ങൾ നീക്കാൻ സഹായിക്കും.
നാട്ടുമാങ്ങകളും മുതലമടയിലെ ആദ്യവിളവും കഴിഞ്ഞതോടെ ഇപ്പോൾ വിപണിയിൽ സജീവമായിട്ടുള്ളത് പ്രധാനമായും അന്യസംസ്ഥാന ഇനങ്ങളാണ്. ബംഗനപ്പള്ളി (സഫേദ), തോത്താപുരി (കിളിമൂക്കൻ), സിന്ദൂരം, മൽഗോവ, നീലം, ദശേരി തുടങ്ങിയവയാണ് പ്രധാനം.
കൃത്രിമമായി പഴുപ്പിച്ച മാങ്ങകൾ അതിർത്തി കടന്ന് വിപണിയിൽ യഥേഷ്ടം വിറ്റഴിക്കപ്പെടുമ്പോഴും ഭക്ഷ്യസുരക്ഷാവകുപ്പ് കാര്യമായ പരിശോധനകൾ നടത്തുന്നില്ലെന്നാണ് ഉപഭോക്താക്കളുടെയും റീറ്റെയിൽ വ്യാപാരികളുടെയും ആക്ഷേപം.സീസൺ തുടക്കത്തിൽ നടത്തുന്ന ഒന്നോ രണ്ടോ പരിശോധനകൾക്കപ്പുറം വിപണിയിൽ തുടർച്ചയായ നിരീക്ഷണമുണ്ടാകുന്നില്ല. അതിർത്തി ചെക്ക് പോസ്റ്റുകളിലോ പ്രധാന മൊത്തവ്യാപാര കേന്ദ്രങ്ങളിലോ പരിശോധന നടത്താൻ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല. പിടിച്ചെടുക്കുന്ന സാമ്പിളുകളുടെ ഫലം വരാൻ വൈകുന്നതും നിയമനടപടികൾ ദുർബലമാക്കുന്നു. കാർബൈഡുണ്ടെങ്കിൽ കഴിച്ചാൽ പണികിട്ടും വിപണിയിലെത്തുന്ന മാമ്പഴത്തിൽ ഭീതിയായി കാർബൈഡ് സാന്നിധ്യം
Content Highlights: Out-of-state mangoes currently dominate the market after local harvest ends., Widespread use of calcium carbide for artificial ripening poses significant health risks., Chemical residue can be partially removed by soaking fruits in water for at least one hour., Consumers report a lack of consistent monitoring and inspections by the Food Safety Department., Common varieties include Banganapalli, Totapuri, Sindura, Malgova, Neelam, and Dasheri.