അയല്‍വീട്ടിലെ നായയുടെ കുര, അനുകൂല ഉത്തരവെത്തി; പക്ഷേ, സ്വസ്ഥമായൊന്ന് ഉറങ്ങാനാകുംമുന്‍പേ റസാഖ് മടങ്ങി

#സായൂജ് സഞ്ജീവന്‍
വി.വി. അബ്ദുൾ റസാഖ്
വി.വി. അബ്ദുൾ റസാഖ്

കോഴിക്കോട്: അര്‍ബുദം ശരീരത്തെ കീഴ്പ്പെടുത്തുന്ന കടുത്തവേദന, ഒപ്പം കീമോതെറപ്പിയുടെ അവശതയും. എങ്ങനെയെങ്കിലും ഒന്ന് കണ്ണടയ്ക്കാന്‍ നോക്കുമ്പോള്‍ അയല്‍വീട്ടിലെ നായയുടെ നിര്‍ത്താതെയുള്ള കുരയും. സ്വന്തം കിടപ്പാടത്തില്‍ സ്വസ്ഥമായൊന്ന് ഉറങ്ങാനാകാതെയാണ് ഓഗസ്റ്റ് നാലിന് തിരുവണ്ണൂര്‍ മാനാരിയിലെ വി.വി. അബ്ദുള്‍ റസാഖ് ഈ ലോകത്തോട് വിടപറഞ്ഞത്.

ഒടുവില്‍ കഴിഞ്ഞദിവസം മനുഷ്യാവകാശ കമ്മിഷന്റെ അനുകൂല ഉത്തരവെത്തി. അര്‍ബുദരോഗം ബാധിച്ചയാളുടെ സമാധാനജീവിതത്തിന് അയല്‍വാസിയുടെ നായയുടെ കുര തടസ്സമാകുന്നതിനാല്‍ പരാതിയില്‍ മാനുഷികസമീപനത്തോടെ പരിഹാരമുണ്ടാകണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, അതിനുമുന്‍പേ റസാഖ് മടങ്ങിയിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മകള്‍ക്ക് കുട്ടിയുണ്ടായപ്പോള്‍ വീടിന്റെ കിടപ്പുമുറിയോടുചേര്‍ന്നുള്ള നായക്കൂട് മാറ്റണമെന്ന് അയല്‍ക്കാരനോട് റസാഖ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പരിഹാരമുണ്ടായില്ല. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ റാസാഖിന് അര്‍ബുദം സ്ഥിരീകരിച്ചതോടെയാണ് കാര്യങ്ങള്‍ വഷളായത്. ഭര്‍ത്താവിന്റെ നരകയാതന കണ്ട് മനംനൊന്ത്, ഒന്ന് സ്വസ്ഥമായുറങ്ങാന്‍ വഴിതേടി ഭാര്യ കെ. സീനത്ത് പോലീസിലും പിന്നീട് കോര്‍പ്പറേഷനിലും പരാതി നല്‍കി. മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി അയച്ചു.

റസാഖിന്റെ ആരോഗ്യസ്ഥിതി മോശമായതോടെ മകളും ഗൈനക്കോളജിസ്റ്റുമായ വി.വി. ഷാനിബ വയനാട്ടിലെ ആശുപത്രിയിലേക്ക് സ്ഥലംമാറ്റം വാങ്ങി. ഉപ്പയേയുംകൊണ്ട് അവിടേക്ക് താമസം മാറി. അവിടെനിന്നായിരുന്നു കീമോ ചികിത്സയ്ക്കായി എംവിആര്‍ കാന്‍സര്‍ സെന്ററിലേക്ക് വന്നുകൊണ്ടിരുന്നത്.

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന് ജൂലായ് അവസാനത്തോടെ പട്ടിക്കൂട് ഒരുമീറ്റര്‍കൂടി മാറ്റിയതുമാത്രമാണ് ഉണ്ടായ നടപടി. റസാഖിന്റെ മരണശേഷം കൂട് കിടപ്പുമുറിയുടെ ഭാഗത്തുനിന്ന് മാറ്റണമെന്നും രാത്രിയില്‍ നായയെ പുറത്തിറക്കരുതെന്നും ആവശ്യപ്പെട്ട് സീനത്ത് മുഖ്യമന്ത്രിക്ക് വീണ്ടും പരാതി നല്‍കി. അതിനിടെയാണ് വിഷയത്തില്‍ മനുഷ്യാവകാശകമ്മിഷന്റെ വിധിയെത്തിയത്.

''ആ മനുഷ്യന്‍ അത്രമേല്‍ അനുഭവിച്ചു. ഇനി ആ കുഞ്ഞിനെങ്കിലും സ്വസ്ഥമായുറങ്ങാന്‍ ആ കൂട് ഒന്ന് മാറ്റിയിരുന്നെങ്കില്‍''- സീനത്ത് നിറകണ്ണുകളോടെ പറഞ്ഞു.

റസാഖും മുന്‍പ് നായയെ വളര്‍ത്തിയിരുന്നു. അന്ന് വീടിനോട് ചേര്‍ന്ന് മറ്റൊരു താമസക്കാരെത്തിയപ്പോഴാണ് അതിനെ ഒഴിവാക്കിയത്.

Content Highlights: A cancer patient in Kozhikode, India, passed away after enduring constant suffering from a neighbor`s barking dog. Despite pleas, the issue remained unresolved.