‘ഇന്നലെ പൊയ്ക്കൂടായിരുന്നോ ആശുപത്രിയിൽ?’; അർബുദരോഗിയെ തടഞ്ഞ് ഹർത്താൽ അനുകൂലികൾ, തിരുവല്ലയിൽ സംഘർഷം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞപ്പോള്‍
പ്രതീകാത്മകചിത്രം | ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞപ്പോള്‍

തിരുവല്ല: “ഞങ്ങൾ പത്തുദിവസംമുമ്പ് പ്രഖ്യാപിച്ച ഹർത്താലാ. നിങ്ങൾക്ക് ഇന്നലെ ആശുപത്രിയിൽ പൊയ്ക്കൂടായിരുന്നോ?” ചികിത്സയ്ക്കുപോകുന്നതിന് ചൊവ്വാഴ്ച തിരുവല്ല കെ.എസ്.ആർ.ടിസി.സി. സ്റ്റാൻഡിൽ എത്തിയ അർബുദരോഗിയെ തടഞ്ഞുകൊണ്ട് ഹർത്താൽ അനുകൂലികൾ ചോദിച്ചതാണിത്. അങ്കമാലി സ്വദേശിയായ രോഗി, ഭാര്യക്കൊപ്പമാണ് കെ.എസ്.ആർ.ടി.സി. ബസിൽ തിരുവല്ല ബസ് സ്റ്റാൻഡിൽ എത്തിയത്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇവർക്ക് പോകേണ്ടിയിരുന്നത്. സ്റ്റാൻഡിൽനിന്ന് ബസ് പുറത്തേക്ക് വിടാതെ ഹർത്താലുകാർ തടഞ്ഞു.

രാവിലെ എട്ടുമണിയോടെ ഇവരോട് രോഗിയും ഭാര്യയും, ചികിത്സയ്ക്ക് പോകുന്ന കാര്യം പറഞ്ഞു. അപ്പോഴാണ് പ്രവർത്തകർ രോഷത്തോടെ പ്രതികരിച്ചത്. ഹർത്താൽ പ്രഖ്യാപിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കിയ പ്രവർത്തകരിൽ ഒരാൾ, സഹകരിക്കണമെന്നും അറിയിച്ചു. തുടർന്നാണ്, ഇന്നലെ പോകാൻ കഴിയില്ലായിരുന്നോയെന്ന ചോദ്യം ഉണ്ടായത്. നോട്ടീസ് അടിച്ചല്ലല്ലോ രോഗം വരുന്നത് എന്നായി രോഗിയുടെ ഭാര്യ.

ഹർത്താൽ പൊളിക്കുന്നതിനുവേണ്ടിയാണോ നിങ്ങൾ നടക്കുന്നതെന്നായി പ്രവർത്തകൻ. ഞങ്ങൾക്ക് ജീവിക്കേണ്ടേയെന്ന് രോഗിയും ഭാര്യയും ചോദിച്ചു. ഞങ്ങൾക്കും ജീവിക്കണമെന്ന് ഹർത്താൽ അനുകൂലി വാദിച്ചു. മസിലുപിടിച്ചതുകൊണ്ട് നിങ്ങളെ വിടില്ലെന്നും ഇയാൾ അറിയിച്ചു. പിന്നാലെ, പോലീസ് എത്തി അവരുടെ ജീപ്പിൽ രോഗിയെയും ഭാര്യയെയും കോഴഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചു. 

Content Highlights: A cancer patient and his wife were blocked by hartal supporters at Thiruvalla KSRTC stand. The patient was traveling to a private hospital in Kozhencherry for urgent medical treatment. Hartal supporters questioned why the patient did not schedule the hospital visit for the previous day. Police intervened and transported the couple to the hospital via police jeep.