'തുണിക്കൊപ്പം തൊലിയും അടർന്നുവന്നു, മനുഷ്യശരീരം'; മാലിന്യത്തിലെ മൃതദേഹം, ഒടുവിലെ യാത്രയിലെ കൂട്ട്

തിരുവനന്തപുരം: ഒരു തവണപോലും നേരിൽക്കണ്ട പരിചയമില്ലെങ്കിലും ജോയിയുടെ അന്ത്യയാത്രയ്ക്കു കൂട്ട് ഒരേ തൊഴിൽ ചെയ്യുന്ന രണ്ടുപേരായിരുന്നു. ആമയിഴഞ്ചാൻ തോട്ടിൽ വീണു മരിച്ച ജോയിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത് നഗരസഭയുടെ ദിവസവേതന തൊഴിലാളികളായ മനോജും രാജീവുമാണ്. മൃതദേഹം പുറത്തെടുത്തതു മുതൽ മാരായമുട്ടത്തെ വീട്ടിലെത്തിച്ചു സംസ്കരിക്കുന്നതു വരെ ഇവർ ഒപ്പമുണ്ടായിരുന്നു.
മഴയത്ത് ഓടകളിലെ തടസ്സം നീക്കാനാണ് രാവിലെ നഗരസഭയുടെ ദിവസവേതന ശുചീകരണത്തൊഴിലാളികളായ മനോജും രാജീവും ജോലിക്കിറങ്ങിയത്. ആമയിഴഞ്ചാൻ തോടിന്റെ തകരപ്പറമ്പിനു സമീപത്തെ ഇരുമ്പുപാലം ഭാഗത്ത് അസ്വാഭാവികമായ ഒന്ന് ശ്രദ്ധയിൽപ്പെട്ടു. കുന്നുകൂടിക്കിടന്ന മാലിന്യത്തിനിടയിൽ തുണിമൂടിയ നിലയിൽ വലിപ്പവും നീളവും കൂടിയ ഒരു മാലിന്യക്കെട്ട്. ജോയിയെ കാണാതായ സാഹചര്യത്തിൽ അത്തരം മാലിന്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നു നിർദേശമുള്ളതിനാൽ ഇരുവരും ചേർന്ന് കമ്പുപയോഗിച്ച് സമീപത്തെ മാലിന്യം നീക്കി.
തുണി നീക്കിയപ്പോൾ തലമുടിയും രക്തക്കറയുള്ള ശരീരഭാഗങ്ങളും കണ്ടു. ഉടൻ ശ്രീകണ്ഠേശ്വരം ഹെൽത്ത് ഇൻസ്പെക്ടറെ വിവരമറിയിക്കുകയായിരുന്നു. നാലുപേരടങ്ങുന്ന സംഘമായാണ് ഓടയിലെ തടസ്സങ്ങൾ നീക്കുന്നതിനായി രാവിലെ തോടിന്റെ കരയിലേക്കെത്തിയതെന്ന് മനോജും രാജീവും പറയുന്നു. ചവറെന്ന് ആദ്യം കരുതിയെങ്കിലും വലിപ്പക്കൂടുതൽ കാരണമാണ് തുണി നീക്കിയത്. തുണിക്കൊപ്പം തൊലിയും അടർന്നതോടെയാണ് മനുഷ്യശരീരമാണെന്നു തിരിച്ചറിഞ്ഞതെന്ന് ഇരുവരും പറയുന്നു. നഗരസഭയുടെ ആരോഗ്യവിഭാഗത്തിൽ മനോജ് 20 വർഷമായും രാജീവ് ഏഴു വർഷമായും ദിവസവേതന ജീവനക്കാരായി ജോലിചെയ്യുകയാണ്.
മരണത്തിലേക്കു വലിച്ചെറിയപ്പെട്ടവൻ...
തിരുവനന്തപുരം: അന്ത്യോപചാര പൂക്കൾക്കു പകരം നഗരം വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കവറുകളും തെർമോക്കോളുമൊക്കെയായിരുന്നു ശരീരമാകെ മൂടിയിരുന്നത്. ആ ശവക്കുഴിയിലേക്ക് ഒരോ പിടി പ്ലാസ്റ്റിക് വാരിയിട്ടവരാണെന്നോർത്തു തലകുനിക്കാം, മാലിന്യം വലിച്ചെറിയുന്ന ഓരോരുത്തർക്കും. ഗ്രാമത്തിലെ മലഞ്ചെരുവിറങ്ങി നഗരത്തിൽ തൊഴിലെടുക്കാനെത്തിയ ജോയിയെ കാത്തിരുന്നത് പട്ടണമൊരുക്കിയ ചതിക്കുഴി.
പെരുങ്കടവിള വടകരയിലെ മലഞ്ചെരുവിലെ ഷീറ്റിട്ട ഒറ്റമുറി വീട്ടിൽനിന്ന് നാലു ദിവസം മുൻപ് അമ്മയോടു യാത്രപറഞ്ഞ് ജോയി ഇറങ്ങിയത് നഗരത്തിലെ തൊഴിലിന് അല്പം കൂലി കൂടുതൽ കിട്ടുമെന്നതിനാലായിരുന്നു. മാലിന്യം നിറഞ്ഞ തോട് വൃത്തിയാക്കുന്ന പണിയായതിനാൽ കൂടുതൽ പണം കിട്ടുമെന്ന ഉപകരാറുകാരന്റെ വാക്കായിരുന്നു ജോയിയെ ആകർഷിച്ചത്. പക്ഷേ, നഗരമനുഷ്യർ തീർത്ത പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പത്മവ്യൂഹത്തിൽ പെട്ടുപോയി അയാൾ. രണ്ടുനാൾ കഴിഞ്ഞ് മൃതദേഹം ലഭിക്കുമ്പോൾ ആമയിഴഞ്ചാൻതോട്ടിലെ മാലിന്യമത്രയും കുടിച്ചും മൂടിയും ജോയി മാലിന്യത്തിലേക്ക്് അലിഞ്ഞുചേരാറായിരുന്നു.
നാട്ടിൽ എന്തു പണിയും ചെയ്തിരുന്ന ജോയി, പണിയില്ലാതാകുമ്പോൾ ആക്രിസാധനങ്ങൾ പെറുക്കിവിറ്റാണ് അന്നന്നത്തെ വക കണ്ടെത്തിയിരുന്നത്. കാൽനട മാത്രം സാധ്യമായ മലഞ്ചെരുവിലെ വീട്ടിൽ അമ്മ മെൽഗിക്കൊപ്പമായിരുന്നു ജോയി താമസിച്ചിരുന്നത്.
മകനു തൊഴിലില്ലാത്തപ്പോൾ വയോധികയായ അമ്മ മെൽഗി തൊഴിലുറപ്പിനു പോകാറുണ്ടായിരുന്നു. മിക്ക ദിവസങ്ങളിലും രാത്രി അമ്മയ്ക്കുള്ള ഭക്ഷണവുമായാണ് ജോയി തിരിച്ചെത്തിയിരുന്നത്.
ആദരാഞ്ജലിയർപ്പിച്ച് ജന്‍മനാട്
നെയ്യാറ്റിൻകര: മൂന്നു ദിവസം മുൻപ് വീട്ടിൽനിന്ന് ജോലിക്കായി ഇറങ്ങുമ്പോൾ ജോയി അമ്മയോടു പറഞ്ഞു, വൈകീട്ട് എത്തുമെന്ന്. കാത്തിരുന്ന വയോധികയായ അമ്മ മെൽഗിക്കു മുന്നിലെത്തിയത് മകന്റെ ചേതനയറ്റ ശരീരം. ആമയിഴഞ്ചാൻ തോട് ശുചീകരിക്കുന്നതിനിടെ മരിച്ച ജോയിക്ക് ജന്മനാടൊന്നായ് അന്ത്യയാത്രയേകി.
മെഡിക്കൽ കോളേജ് മോർച്ചറിയിൽനിന്ന് ജോയിയുടെ മൃതദേഹം മേയർ ആര്യാ രാജേന്ദ്രനും സി.കെ.ഹരീന്ദ്രൻ എം.എൽ.എ.യും ചേർന്ന് ഏറ്റുവാങ്ങിയാണ് വടകരയിലെ മലഞ്ചരിവ് വീട്ടിലെത്തിച്ചത്. ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ, ജില്ലാപ്പഞ്ചായത്തംഗം വി.എസ്.ബിനു, കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്.അനിൽ ഉൾപ്പെടെയുള്ളവർ അന്ത്യോപചാരമർപ്പിക്കാനായി എത്തിയിരുന്നു.
Content Highlights: canal accident in thiruvananthapuram jobs death