സ്വയം മാറാനും മറ്റുള്ളവരെ മാറ്റാനും കഴിയുമോ? രാജീവ് ചന്ദ്രശേഖറിനു മുന്നിൽ കടമ്പകളേറെ

പ്രത്യയശാസ്ത്രത്തിനപ്പുറം കേരളത്തിലെ ഏറ്റവും പ്രബലമായ ഇടത്തരക്കാരെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരാളെയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി ബി.ജെ.പി. കേന്ദ്രനേതൃത്വം നിയോഗിച്ചത്. മികച്ച വിദ്യാഭ്യാസം, വിജയിച്ച ബിസിനസുകാരന്‍, തരൂരിനെ പോലെ രാഷ്ട്രീയത്തിനപ്പുറം ആശയവിനിമയം നടത്താനുള്ള കഴിവ്. ഇതെല്ലാം രാജീവ് ചന്ദ്രശേഖറിന് മുതല്‍കൂട്ടാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ശശി തരൂരിനെ വിറപ്പിച്ച 'പരാജയം' അതിന് അടിവരയിടുന്നു. പക്ഷെ, പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെന്ന സംഘടനാ പദവിയില്‍ രാജീവിന് എത്രത്തോളം തിളങ്ങാന്‍ കഴിയും?
സംഘടനയില്‍ രാജീവ് പുതുമുഖമാണ്. കേന്ദ്രമന്ത്രിയാകുന്നതിന് മുന്‍പ് പാര്‍ട്ടി ദേശീയ വക്താവ് സ്ഥാനം അലങ്കരിച്ചതൊഴിച്ചാല്‍ വലിയ അനുഭവപരിചയമില്ല. സംഘടനയിലയ്ക്ക് വരുമ്പോള്‍ രാജീവ് ചന്ദ്രശേഖരന്റെ കരുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെയും അകമഴിഞ്ഞ പിന്തുണയാണ്. ആര്‍.എസ്.എസും ഒപ്പമുണ്ട്. പക്ഷെ, ആ പിന്തുണ കൊണ്ട് മാത്രം രാജീവിന് കേരളത്തിലെ വെല്ലുവിളികള്‍ മറികടക്കാന്‍ കഴിയുമോ?
രാജീവിന്റെ മുന്നിലെ വെല്ലുവിളികള്‍
സംസ്ഥാന പാര്‍ട്ടിക്കകത്ത് സ്വന്തം രീതികളോടും സ്വന്തം പാര്‍ട്ടിയോടും പോരാടി വേണം രാജീവ് ചന്ദ്രശേഖരന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷസ്ഥാനത്ത് മുന്നേറേണ്ടത്. മന്ത്രിയായോ എം.പിയായോ പ്രവര്‍ത്തിക്കുന്നത് പോലെയല്ല സംഘടന ചുമതല. അവിടെ 24x7 ലഭ്യമായിരിക്കുകയെന്നത്, പ്രത്യേകിച്ച് കേരളത്തിലെ സാഹചര്യത്തില്‍. അനിവാര്യമാണ്. അതായത് കമ്പനി എം.ഡിയെ പോലെ സംഘടനാജോലികള്‍ മറ്റുള്ളവര്‍ക്ക് വീതിച്ചു നല്‍കി ഓഫീസില്‍ ഇരുന്ന് പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ കഴിയില്ല. അതിനാല്‍ സ്വന്തം ശൈലിയില്‍നിന്ന് പുറത്തുകടക്കാതെ, പൂര്‍ണ്ണമായും സംഘടന പ്രവര്‍ത്തനങ്ങള്‍ക്കായി ഉഴിഞ്ഞു വയ്ക്കാതെ രാജീവ് ചന്ദ്രശേഖരന് അധ്യക്ഷസ്ഥാനത്ത് ഇരിപ്പ് ഉറപ്പിക്കാന്‍ കഴിയില്ല.
അതായത്, രാജീവ് ചന്ദ്രശേഖര്‍ പൂര്‍ണ്ണമായും ഒരു രാഷ്ട്രീയക്കാരനാകേണ്ടി വരും. അതിന് അദ്ദേഹത്തിന് കഴിയുമോ? കോണ്‍ഗ്രസിലെ ഹൈക്കമാന്റ് സംസ്‌കാരത്തിന്റെ കോപ്പി പേസ്റ്റല്ലേ രാജീവ് ചന്ദ്രശേഖറിന്റെ സംസ്ഥാന അധ്യക്ഷനായുള്ള നിയമനം ?. കേരളത്തിലെ ഗ്രൂപ്പുകളുടെ നോമിനികളെ തഴഞ്ഞ് കേന്ദ്രത്തിന്റെ കെട്ടിയിറക്കലാണ് നടന്നിരിക്കുന്നത്. അതും ബൂത്ത് തലം മുതല്‍ ജില്ല വരെ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പുനഃസംഘടന പൂര്‍ത്തിയാക്കിയ ശേഷം. അതിനാല്‍ തുല്യദുഃഖിതരായ എല്ലാ ഗ്രൂപ്പുകളും കൂടി വിചാരിച്ചാല്‍ രാജീവിനെ വരച്ച വലയില്‍ നിര്‍ത്താന്‍ കഴിയും. അതിനെതിരെ പോരാടാന്‍ നിന്നാല്‍ രാജീവിന് പുതിയ ടീമിനെ ഉയര്‍ത്തി കൊണ്ടു വരേണ്ടി വരും. അത് മറ്റൊരു ഗ്രൂപ്പിന്റെ രൂപീകരണത്തില്‍ ചെന്ന് അവസാനിക്കുമെന്നല്ലാതെ എന്ത് ഫലമാണ് ഉണ്ടാക്കുക?.
അതായത്, രാജീവിന്, രാജീവിനോടും പാര്‍ട്ടിയോടും പടവെട്ടി വിജയിച്ചു മാത്രമേ മുന്നോട്ട് പോകാന്‍ കഴിയും. ആ രണ്ട് പോരാട്ടത്തിലും വിജയിച്ചാല്‍ കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പിക്കായി വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുന്ന നേതാവാണ് രാജീവ് ചന്ദ്രശേഖര്‍. പക്ഷെ, മുകളില്‍ പറഞ്ഞത് പോലെ, സ്വയം മാറാനും മറ്റുള്ളവരെ മാറ്റാനും രാജീവിന് കഴിയണം.
Content Highlights: Can Rajeev Chandrasekhar overcome internal party challenges in BJP