തദ്ദേശ സ്ഥാപനങ്ങൾ വിനിയോഗിക്കാതെ കളഞ്ഞത് കോടികൾ; ഫണ്ട് വിതരണത്തിൽ കഴിഞ്ഞ സർക്കാരിന് കാലതാമസവും-CAG റിപ്പോർട്ട്

തിരുവനന്തപുരം: 2024 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോടികളുടെ ഫണ്ട് വിനിയോഗിക്കാതെ നഷ്ടപ്പെടുത്തിയതായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി.) റിപ്പോർട്ട്. വികസന ഫണ്ട്, മെയിന്റനൻസ് ഫണ്ട്, പൊതു ആവശ്യ ഫണ്ട് എന്നിവ തദ്ദേശ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യുന്നതിൽ സർക്കാർ വരുത്തിയ കാലതാമസമാണ് വിനിയോഗത്തെ ബാധിച്ചത്.
2023-24 സാമ്പത്തിക വർഷത്തിൽ പഞ്ചായത്തുകൾക്കായി അനുവദിച്ച 9135.94 കോടി രൂപയിൽ 3367.92 കോടി രൂപയും വിനിയോഗിക്കപ്പെടാതെ കാലഹരണപ്പെട്ടു. ഇതിനു പുറമേ, നഗരസഭകൾക്കും കോർപ്പറേഷനുകൾക്കുമായി അനുവദിച്ച 2318.95 കോടി രൂപയിൽ 495.83 കോടി രൂപയും ലപ്സായി പോയിട്ടുണ്ട്.
ധനവിനിയോഗത്തിലെ വീഴ്ചകൾക്ക് പുറമേ, പൊതുസൗകര്യങ്ങളുടെ കാര്യത്തിലും ഗുരുതര അപാകതകളാണ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. സംസ്ഥാനത്തെ പൊതുസ്ഥലങ്ങളിലും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്ന ശൗചാലയങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെന്ന് സി.എ.ജി. ചൂണ്ടിക്കാണിക്കുന്നു. ഈ കേന്ദ്രങ്ങളിലെ ശൗചാലയങ്ങൾ തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Content Highlights: The CAG report reveals that local bodies in Kerala lapsed crores in development and maintenance funds due to government delays in allocation, alongside severe deficiencies in public sanitation infrastructure.