കളമശ്ശേരി സ്ഫോടനം: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം

സ്‌ഫോടനം നടന്ന  സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍നിന്ന് ആളുകള്‍ പുറത്തേക്ക് ഓടുന്നു (ഫയല്‍)
സ്‌ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍നിന്ന് ആളുകള്‍ പുറത്തേക്ക് ഓടുന്നു (ഫയല്‍)

തിരുവനന്തപുരം: കളമശ്ശേരി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ച് പേരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനഹായം പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം രൂപ വീതം ഓരോ കുടുംബത്തിനും നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് പണം നല്‍കുക. സ്‌ഫോടനത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഉള്‍പ്പെടെ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കാനും യോഗം തീരുമാനിച്ചു. 

ഒക്ടോബര്‍ 29-നാണ് കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതി ഡൊമനിക് മാര്‍ട്ടിന്‍ അന്നുതന്നെ കൊടകര പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയിരുന്നു. താനാണ് സ്‌ഫോടനം നടത്തിയത് എന്നതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ ഹാജരാക്കിയാണ് ഡൊമനിക് മാര്‍ട്ടിന്‍ പോലീസിന് മുന്നിലെത്തിയത്. 

പോലീസില്‍ കീഴടങ്ങുന്നതിന് മുമ്പായി പ്രതി ഡൊമനിക് മാര്‍ട്ടിന്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. 16 വര്‍ഷം താന്‍ യഹോവ സാക്ഷികള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നും പിന്നീട് അവിടം വിട്ടുവെന്നും വീഡിയോയില്‍ ഇയാള്‍ പറഞ്ഞു. ആറ് വര്‍ഷമായി ചിന്തിച്ചപ്പോള്‍ യഹോവ സാക്ഷികള്‍ പഠിപ്പിക്കുന്നത് രാജ്യദ്രോഹപരമായ കാര്യങ്ങളാണെന്നും അത് തിരുത്താന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാവാത്തതിനാലാണ് ബോംബ് വച്ചതെന്നും മാര്‍ട്ടിന്‍ പറഞ്ഞിരുന്നു. 

മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങള്‍

പിണറായി ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ള ഭൂമിയില്‍ നിന്ന് 25 സെന്റ് സ്ഥലം പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിന് വിട്ടുനല്‍കാമെന്ന ഗ്രാമപഞ്ചായത്തിന്റെ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു. 

കേരള ആര്‍ട്ടിസാന്‍സ്  ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനുള്ള ആറ് കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരണ്ടി കാലാവധി 2022 ഡിസംബര്‍ 21 മുതല്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു നല്‍കും.

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന് വായ്പ ലഭിക്കുന്നതിന് 100 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിക്കും.

Content Highlights: Cabinet decided to give rupees 5 lakhs ex-gratia for families of Kalamassery terror attack victims.