വിഎസ് പക്ഷത്തുനിന്ന് ലീഗ് നേതൃനിരയിലേക്ക്; CPM വിട്ട സി. ശ്യാംസുന്ദർ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്, ചരിത്രത്തിലാദ്യം

സി.പി.എം. ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം, ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന സി. ശ്യാംസുന്ദർ 16 വർഷമായി മുസ്‌ലിംലീഗിനൊപ്പമാണ്. ശ്യാം സുന്ദറിനെ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റാക്കി നിയമിച്ചിരിക്കുകയാണ്. വി.എസ്. അച്യുതാനന്ദൻ പക്ഷക്കാരനായിരുന്ന ശ്യാംസുന്ദർ സി.പി.എമ്മിലെ ചേരിപ്പോരിനെത്തുടർന്നാണ് പാർട്ടി വിട്ടത്.
സ്വതന്ത്ര തൊഴിലാളി യൂണിയൻ സംസ്ഥാന നേതാവായ അദ്ദേഹം മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിതനായ ശ്യാംസുന്ദർ മാതൃഭൂമി പ്രതിനിധി കെ. ഷാജിയുമായി സംസാരിക്കുന്നു. ചരിത്രത്തിൽ ആദ്യമായാണ് മുസ്‌ലിം സമുദായത്തിനു പുറത്തുള്ള ഒരാൾ ഈ പദവിയിൽ എത്തുന്നത്
? കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് എന്തുകൊണ്ട് മുസ്‌ലിംലീഗിലേക്ക്
=ദളിത്, പിന്നാക്ക, ന്യൂനപക്ഷ രാഷ്ട്രീയത്തിൽ ആകൃഷ്ടനായാണ് ഇടതുപക്ഷത്തിനൊപ്പം നിന്നത്. അവിടെ ആദർശത്തിനുമേലെ വ്യക്തികൾ ആധിപത്യം ഉറപ്പിച്ചപ്പോൾ ഇറങ്ങിപ്പോരേണ്ടിവന്നു. ബദലായി എനിക്ക് തോന്നിയത് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയമാണ്. ലീഗിന്റെ കൊടി ഇത്രയുംനാൾ പിടിച്ചത് ആത്മാഭിമാനത്തോടെത്തന്നെ.
? ലീഗിന്റെ സംസ്ഥാന നേതൃനിരയിലേക്കുള്ള കടന്നുവരവിനെ എങ്ങനെ കാണുന്നു
= ലീഗിന്റെ ഏറ്റവും താഴത്തെ ഘടകത്തിൽ പ്രവർത്തനം തുടങ്ങി ജില്ലാ, സംസ്ഥാന നേതൃത്വത്തിൽ എത്തിയ ആളാണ് ഞാൻ. 16 വർഷത്തെ പ്രവർത്തനത്തിനുള്ള അംഗീകാരമായാണ് പുതിയ പദവിയെ കാണുന്നത്. ഏതെങ്കിലും പദവി മോഹിച്ചല്ല ലീഗിനൊപ്പം ചേർന്നത്.
? ലീഗിന്റെ മതേതര നിലപാടിനെപ്പറ്റിയുള്ള കാഴ്ചപ്പാട്
= എല്ലാ മാസവും ഗുരുവായൂർ ദർശനം നടത്തുന്ന ഭക്തനാണ് ഞാൻ. മുസ്‌ലിംലീഗ് നേതാക്കളും പ്രവർത്തകരും മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്നവരാണ് എന്നതാണ് എന്റെ ഇത്രയുംനാളത്തെ അനുഭവം. ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ സംസ്ഥാനത്ത് സമാധാനം പുലർത്താൻ മുന്നിൽനിന്നത് മുസ്‌ലിംലീഗ് നേതാക്കളാണ്.
Content Highlights: C. Shyamsundar appointed as Muslim League State Vice President., First time a non-Muslim community member holds this position in the party.