ഫ്രെഡ്ഡി എത്തി, മൈക്ക് മടങ്ങി; തിരുവനന്തപുരത്ത് ഇറങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ യാത്ര വൈകും

തിരുവനന്തപുരം: സൈനികാഭ്യാസത്തിനിടെ അടിയന്തരസാഹചര്യത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ മടക്കയാത്ര വൈകും. എഫ് 35 വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാർ കണ്ടെത്തിയതിനാൽ അത് പരിഹരിച്ചശേഷമേ മടക്കയാത്ര ഉണ്ടാകൂ. പൈലറ്റും മൂന്ന് സാങ്കേതികവിദഗ്ധരും തിരുവനന്തപുരത്ത് തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്.
ശനിയാഴ്ച തിരുവനന്തപുരത്ത് ഇറങ്ങിയ വിമാനത്തിൽ ഞായറാഴ്ച ഇന്ധനംനിറച്ച് മടങ്ങാനായിരുന്നു തീരുമാനം. ഇതിനിടെയാണ് സാങ്കേതികത്തകരാർ കണ്ടെത്തിയത്. ഇക്കാര്യം വ്യോമസേനാ ഉദ്യോഗസ്ഥർ 100 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് വിമാനവാഹിനി കപ്പലായ എച്ച്എംഎസ് പ്രിൻസ് ഒാഫ് വെയിൽസ് അധികൃതരെ അറിയിച്ചു.
തുടർന്ന് കപ്പലിൽനിന്ന് ഹെലികോപ്‌റ്ററിൽ വേറൊരു പൈലറ്റും മൂന്ന് സാങ്കേതിക പ്രവർത്തകരും എത്തി. പുതിയ പൈലറ്റായ ഫ്രെഡ്ഡിയെയും മൂന്ന് വിദഗ്ധരെയും വിമാനത്തിന്റെ തകരാർ പരിഹരിക്കാൻ ഏൽപ്പിച്ച് ആദ്യ പൈലറ്റുമായി ഹെലികോപ്‌റ്റർ വിമാനവാഹിനിയിലേക്ക് മടങ്ങി. ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരത്ത് ഇറങ്ങിയതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് വ്യോമസേന കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
പുറങ്കടലിലെ വ്യോമാഭ്യാസത്തിനിടെ പ്രതികൂല കാലാവസ്ഥകാരണം വിമാനത്തിന് കപ്പലിൽ ഇറങ്ങാനായില്ല. ഏറെനേരം ആകാശത്ത് വട്ടമിട്ടു പറന്ന് അതിനായി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ, ഇന്ധനക്കുറവ് ശ്രദ്ധയിൽപ്പെട്ടതോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. ആദ്യഘട്ടത്തിൽ വിമാനത്തിന്റെ പൈലറ്റ് മൈക്ക് വിമാനത്തിന് അടുത്തുനിന്ന് മാറാൻ തയ്യാറായിരുന്നില്ല. അവിടെ കസേരയിട്ടിരുന്ന അദ്ദേഹത്തിന് പിന്നീട് വ്യോമസേനാ അധികൃതർ താമസസൗകര്യം ഒരുക്കി.
Content Highlights: British F-35 Fighter Jet's Trivandrum Emergency Landing