അറ്റകുറ്റപ്പണി തീരുന്നില്ല, 5-ാം ദിനവും ബ്രിട്ടീഷ് യുദ്ധവിമാനം കട്ടപ്പുറത്ത്; വിട്ടുമാറാതെ പൈലറ്റ്

തിരുവനന്തപുരം: ബ്രിട്ടീഷ് നാവികസേനയുടെ അത്യാധുനിക യുദ്ധവിമാനമായ എഫ്-35 തുടർച്ചയായ അഞ്ചാംദിനവും യന്ത്രത്തകരാർ പരിഹരിക്കാനാകാതെ തിരുവനന്തപുരം വിമാനത്താവളത്തിൽ തുടരുന്നു. അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന വിമാനവാഹിനിക്കപ്പലിൽനിന്നു പറന്നുയർന്ന എഫ്-35 ഇന്ധനക്കുറവുകാരണം കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്.
ഞായറാഴ്ച ഇന്ധനം നിറച്ച് വിമാനം തിരുവനന്തപുരത്തുനിന്നു മടങ്ങാൻ തീരുമാനിച്ചെങ്കിലും യന്ത്രത്തകരാർ കാരണം സാധിച്ചില്ല. വിമാനത്തിന്റെ തകരാർ പരിഹരിച്ച് തിരികെ കൊണ്ടുപോകാൻ ബ്രിട്ടീഷ് കപ്പലിൽനിന്ന് സൈനിക ഹെലികോപ്‌റ്ററും സാങ്കേതികസംഘവും എത്തിയിരുന്നു. അറ്റകുറ്റപ്പണികൾ തുടരുകയാണ്. യുദ്ധവിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനാണ് തകരാറെന്നാണ് സൂചന.
36000 അടിയോളം പറന്നുയർന്ന വിമാനത്തിന് പ്രതികൂല കാലാവസ്ഥകാരണം കപ്പലിൽ തിരിച്ചിറങ്ങാൻ സാധിക്കാതെ പലതവണ വട്ടമിട്ട് പറന്ന് ഇന്ധനം കുറയുകയായിരുന്നു. ഇന്ധനം തീർന്ന് അടിയന്തര ലാൻഡിങ് നടത്തേണ്ടിവന്നതാണ് യന്ത്രത്തകരാറിനു കാരണമെന്നാണ് സാങ്കേതിക വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യൻ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും സംയുക്തമായി അറബിക്കടലിൽ സംഘടിപ്പിച്ച സംയുക്ത സൈനികാഭ്യാസത്തിനായി എത്തിയതാണ് എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ്.
വിമാനവും ചുമതലക്കാരും കനത്ത സുരക്ഷയിൽ
കേന്ദ്രസർക്കാരിന്റെയും വ്യോമസേനയുടെയും പ്രത്യേക അനുമതിയോടെ തിരുവനന്തപുരത്ത് ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം വിമാനത്താവളത്തിന്റെ നാലാം നമ്പർ ബേയിലാണ് നിർത്തിയിരിക്കുന്നത്. വലിയ സുരക്ഷാസംവിധാനങ്ങളാണ് വിമാനത്തിന് സിഐഎസ്എഫ് ഏർപ്പെടുത്തിയിരിക്കുന്നത്. വിമാനം തിരികെ കൊണ്ടുപോകാൻ എത്തിയ പൈലറ്റ് ഫ്രെഡിയും മൂന്നു സാങ്കേതികവിദഗ്‌ധരും വിമാനത്താവളത്തിലെ എമർജൻസി മെഡിക്കൽ സെന്ററിലാണ് കഴിയുന്നത്. ഇവിടെനിന്നു വിമാനത്തെ എപ്പോഴും നിരീക്ഷിക്കാനും ഇവർക്കു കഴിയും.
കൃത്യമായി വിമാനത്തെ നിരീക്ഷിക്കാൻ കഴിയുന്ന സാഹചര്യം വേണമെന്നാണ് ബ്രിട്ടീഷ് സംഘത്തിന്റെ ആവശ്യം. വിമാനത്തെ എത്തിച്ച ൈപലറ്റ് മൈക്കും വിമാനത്താവളത്തിൽ യുദ്ധവിമാനത്തെ നേരിട്ടു നിരീക്ഷിക്കാൻ കഴിയുന്ന ഇടത്തിലാണ് വിശ്രമിച്ചിരുന്നത്. ബ്രിട്ടീഷുകാർക്കു വിദേശ ഭക്ഷണമുൾപ്പെടെ വിമാനത്താവള അധികൃതർ എത്തിച്ചുനൽകുന്നുണ്ട്. ഇവരുടെ ആവശ്യപ്രകാരം വിമാനത്തിനായി ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസിയെയും നൽകിയിട്ടുണ്ട്.
ഹാങ്ങർ യൂണിറ്റിലേക്കു മാറ്റിയേക്കും
ഇനിയും തകരാർ പരിഹരിക്കാനായില്ലെങ്കിൽ വിമാനത്താവളത്തിന്റെ ബേയിൽ നിർത്തിയിട്ട് അറ്റകുറ്റപ്പണി നടത്താൻ കഴിയാത്ത സാഹചര്യമാണ്. അങ്ങനെവന്നാൽ അടുത്തദിവസം വിമാനത്താവളത്തിനോടു ചേർന്നുള്ള ഹാങ്ങർ യൂണിറ്റിലേക്കു മാറ്റിയേക്കും. എയർ ഇന്ത്യയുടെ വിമാന അറ്റകുറ്റപ്പണികേന്ദ്രമാണ് ഹാങ്ങർ യൂണിറ്റ്. അമേരിക്കൻ നിർമിത യുദ്ധവിമാനത്തിന്റെ സാങ്കേതികവിദ്യ ഇതുവരെ മറ്റൊരു രാജ്യത്തിനും കൈമാറിയിട്ടില്ല. അതുകൊണ്ടുതന്നെ ഹാങ്ങറിലേക്കു മാറ്റിയാലും പ്രത്യേക സുരക്ഷയൊരുക്കിയായിരിക്കും അറ്റകുറ്റപ്പണി നടത്തുക.
Content Highlights: British F-35 Fighter Jet Remains Grounded in Thiruvananthapuram