ബ്രിട്ടീഷ് യുദ്ധവിമാനം മൂന്നാംദിനവും തിരുവനന്തപുരത്ത് തുടരുന്നു, കാവലൊരുക്കി സിഐഎസ്എഫ്

തിരുവനന്തപുരം: ആഴക്കടലിലെ സൈനികാഭ്യാസത്തിനിടെ ഇന്ധനക്കുറവുണ്ടായതിനെത്തുടർന്ന് വിമാനത്താവളത്തിൽ ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 മൂന്നാംദിനവും തിരുവനന്തപുരം തുടരുന്നു. ഇതോടെ യുദ്ധവിമാനത്തിന്റെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തു. വിമാനത്താവളത്തിലെ ബേ നമ്പർ നാലിലാണ് ഇപ്പോൾ വിമാനമുള്ളത്. ശനിയാഴ്ച രാത്രി 9.30-ഓടെയായിരുന്നു യുദ്ധവിമാനം ഇവിടെ ഇറക്കിയത്. വിമാനത്തിന്റെ ഹൈഡ്രോളിക്സ് സംവിധാനത്തിനുണ്ടായ തകരാർ പരിഹരിക്കാത്തതാണ് മടക്കയാത്ര വൈകിക്കുന്നത്.
അന്തർദേശീയ ബന്ധങ്ങളും രാജ്യസുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി എഫ്-35 വിമാനത്തിനു സുരക്ഷയേർപ്പെടുത്തിയതായി സിഐഎസ്എഫ് എക്‌സിൽ കുറിച്ചു. വിമാനത്തിനു കാവലേർപ്പെടുത്തിയ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യൻ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും സംയുക്തമായി അറബിക്കടലിൽ സംഘടിപ്പിച്ച സംയുക്ത സൈനികാഭ്യാസത്തിനായി എത്തിയ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന യുദ്ധക്കപ്പലിന്റെ ഭാഗമാണ് എഫ്-35.
വിമാനത്തിന്റെ തകരാർ പരിഹരിക്കാത്തതിനാൽ ആഴക്കടലിൽ തുടരുന്ന വിമാനവാഹിനി കപ്പലായ പ്രിൻസ് ഓഫ് വെയിൽസിൽനിന്നു സൈനിക ഹെലികോപ്‌റ്ററിൽ, വ്യോമസേനാ പൈലറ്റ് ഫ്രെഡി ഉൾപ്പെട്ട ഒൻപതംഗസംഘത്തെ ഇവിടെ എത്തിച്ചിരുന്നു. ഇവരിൽ ഫ്രെഡിയെയും രണ്ടു സാങ്കേതികവിദഗ്ധരെയും ഇവിടെ നിർത്തിയശേഷം വിമാനത്തിന്റെ പൈലറ്റ് മൈക്കിനെയും കൂട്ടി ഹെലികോപ്റ്റർ കപ്പലിലേക്കു മടങ്ങി. വിമാനത്തിന്റെ സാങ്കേതികപ്പിഴവുകൾ പൂർണമായി പരിഹരിച്ചശേഷമാകും ബ്രിട്ടീഷ് സംഘം ഇവിടെനിന്നു പുറപ്പെടുക.
Content Highlights: British F-35 Fighter Jet Remains in Thiruvananthapuram: Fuel Emergency and Technical Issues Delay