കല്യാണക്കത്ത് അടിക്കുന്നതിനിടെ ദുരന്തവാർത്ത; തലേന്നുവാങ്ങിയ മംഗല്യപ്പുടവ അണിയിച്ച് പൊതുദർശനം

അപകടത്തിൽ മരിച്ച അഞ്ജന, പ്രതിശ്രുതവധുവിന്റെ മൃതദേഹം പുറത്തേക്ക് കൊണ്ടുവരുന്നതും നോക്കി ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിക്കു മുന്നിൽ നിൽക്കുന്ന അഖിൽ, അപകടത്തിൽ തകർന്ന ഇരുചക്രവാഹനം
അപകടത്തിൽ മരിച്ച അഞ്ജന, പ്രതിശ്രുതവധുവിന്റെ മൃതദേഹം പുറത്തേക്ക് കൊണ്ടുവരുന്നതും നോക്കി ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിക്കു മുന്നിൽ നിൽക്കുന്ന അഖിൽ, അപകടത്തിൽ തകർന്ന ഇരുചക്രവാഹനം

കരുനാഗപ്പള്ളി: നവവധുവായി ഒരുങ്ങാൻ ഒരുമാസംമാത്രം ബാക്കിയിരിക്കെ, ആ വീട്ടുമുറ്റത്ത് വിവാഹവേഷത്തിൽ നിത്യനിദ്രയിലേക്ക് യാത്രയാകുന്ന പ്രിയപ്പെട്ടവളെ കണ്ടുനിൽക്കാനാകാതെ എല്ലാവരും സങ്കടത്തിലാഴ്‌ന്നു. ഒട്ടേറെ സ്വപ്നങ്ങളുമായി പുതുജീവിതത്തിലേക്ക് നടന്നടുക്കവെ അപകടം അഞ്ജനയുടെ ജീവൻ കവർന്നത് നാടിനും ബന്ധുക്കൾക്കും താങ്ങാനായില്ല.

അഞ്ചുവർഷംമുൻപാണ് അഞ്ജനയുടെ അച്ഛൻ എസ്.ബി. മോഹനൻ മരിച്ചത്. തൊടിയൂർ സർവീസ് സഹകരണ ബാങ്കിന്റെ അരമത്തുമഠം ബ്രാഞ്ചിലെ ജീവനക്കാരിയായ അമ്മ അജിതയായിരുന്നു പിന്നെ ഏക ആശ്രയം. അമ്മയ്ക്ക് തുണയാകാനും സ്വന്തം ജീവിതം കെട്ടിപ്പടുക്കാനും അവൾ പഠിച്ചു. പരീക്ഷയെഴുതി. ജോലിയെന്ന സ്വപ്നം യാഥാർഥ്യമായിട്ടും മാസങ്ങളായതേയുള്ളൂ.

ഒരുവർഷംമുൻപാണ് വിവാഹം ഉറപ്പിച്ചത്. ജോലി ലഭിച്ചശേഷമേ വിവാഹം കഴിക്കൂവെന്ന നിലപാടിലായിരുന്നു അഞ്ജന. അതിനുവേണ്ടിയുള്ള പരിശ്രമത്തെ തുടർന്നാണ് സഹ.ബാങ്കിൽ ജോലി ലഭിച്ചത്. മൈനാഗപ്പള്ളി വില്ലേജിലെ ജീവനക്കാരനായ കല്ലേലിഭാഗം സ്വദേശി അഖിലായിരുന്നു വരൻ. ഒക്ടോബർ 19-നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവീടുകളിലും വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരികയായിരുന്നു. കഴിഞ്ഞദിവസമാണ് വിവാഹവസ്ത്രം വാങ്ങിയത്.

പോസ്റ്റ്‌മോർട്ടത്തിനുശേഷം ഈ വസ്ത്രം അണിയിച്ചപ്പോൾ കണ്ടുനിന്നവർക്ക് കണ്ണീരടക്കാനായില്ല. കരിന്തോട്ടുവ സർവീസ് സഹകരണ ബാങ്കിൽ പൊതുദർശനത്തിനു വെച്ചശേഷം രാത്രിയോടെയാണ് മൃതദേഹം തൊടിയൂരിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. രാവിലെമുതൽ അഞ്ജനയുടെ വീട്ടിൽ ആളുകൾ എത്തിക്കൊണ്ടിരുന്നു. നൂറുകണക്കിന് ആളുകളാണ് അവസാനമായി ഒരുനോക്കുകാണാൻ വീട്ടിൽ തടിച്ചുകൂടിയത്.

പതിവു വിളി വന്നില്ല, ആശങ്ക, ഒടുക്കം ദുരന്തവാർത്ത

കല്യാണക്കുറിയിൽ മഷിപുരളാൻ മിനിറ്റുകൾ ശേഷിക്കെയായിരുന്നു ആ ദുരന്തവാർത്തയെത്തിയത്. കരുനാഗപ്പള്ളി തൊടിയൂർ കല്ലേലിഭാഗം സ്വദേശി അഖിലിന്റെ ഫോണിലേക്ക് ആ വാർത്ത ഇടിത്തീയായി വീണു. ഭാവിവധു അഞ്ജനയുടെ വിയോഗവാർത്തയിൽ എന്ത് ചെയ്യണമെന്നറിയാതെ ചങ്കുപൊട്ടിയ നിമിഷങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ അഖിലിന്റെ സങ്കടം പെരുകുന്നു. ആശുപത്രിവളപ്പിൽ ദുഃഖം കടിച്ചമർത്തിനിന്നു. ആശ്വസിപ്പിക്കാനെത്തിയ സുഹൃത്തുക്കളുടെ മുന്നിൽ ദുഃഖം അണപൊട്ടി.

റവന്യൂവകുപ്പിലാണ് അഖിലിന് ജോലി. തൊടിയൂർ വടക്ക് ശാരദാവിലാസത്തിൽ അഞ്ജനയുമൊത്ത് കുടുംബജീവിതത്തിലേക്ക് കടക്കാൻ ആഴ്ചകൾ ശേഷിക്കെയാണീ ദുരന്തം. കഴിഞ്ഞ വർഷം ജൂലായിലായിരുന്നു വിവാഹനിശ്ചയം. ഒക്ടോബർ 19-നാണ്‌ വിവാഹം നിശ്ചയിച്ചിരുന്നത്‌. ഇരുവരുടെയും വീട്ടിൽ ഒരുക്കം നടക്കുന്നതിനിടെയാണ് അപകടം.

ജോലിക്ക് കയറിയതുമുതൽ ബാങ്കിൽ എത്തിയാലുടൻ അഞ്ജന അഖിലിനെ വിളിക്കുക പതിവാണ്. തിങ്കളാഴ്ച രാവിലെ ആ വിളി എത്താതിരുന്നതിലുള്ള ആശങ്ക മനസ്സിൽ തീകോരിയിടുന്നതിനിടയിലും കല്യാണക്കുറി തയ്യാറാക്കുന്ന തിരക്കിലായിരുന്നു അഖിൽ. പ്രദേശത്തെ പ്രിന്റിങ് സ്ഥാപനത്തിൽ വിവാഹക്ഷണക്കത്ത് തയ്യാറാക്കിക്കൊണ്ടിരിക്കുന്നതിനിടെയാണ് വിവരമറിയുന്നത്. അവസാനത്തെ പ്രൂഫ് നോക്കി മഷി പുരളുന്നതിന് ഒകെ പറയാൻ പോകുകയായിരുന്നു. അവിടെനിന്ന്‌ നേരേ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലേക്ക്. ചേതനയറ്റുകിടന്ന ശരീരം കാണാനാകാതെ കരയാനേ കഴിഞ്ഞുള്ളൂ. ദുഃഖമടക്കിയാണ് മണിക്കൂറുകൾ തള്ളിനീക്കിയത്.

ഒടുവിൽ ആംബുലൻസിൽ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക്. പിന്നാലെ തകർന്ന ഹൃദയവുമായി അഖിലും. അകത്ത് പോസ്റ്റ്‌മോർട്ടം നടക്കുമ്പോൾ പുറത്ത് ബന്ധുക്കളും സുഹൃത്തുക്കളും ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. വൈകീട്ട് നാലരയോടെ നടപടികൾ പൂർത്തിയാക്കി വീട്ടിലേക്കുള്ള യാത്രയ്ക്കായി ആംബുലൻസിൽ മൃതദേഹം കയറ്റിയശേഷമാണ് വിങ്ങുന്ന മനസ്സോടെ അഖിൽ ആശുപത്രിവിട്ടത്.

Content Highlights: Bride-to-Be Tragically Dies Weeks Before Wedding in Karunagappally