ബ്രെറ്റ് ലീ ഒപ്പിട്ട ബോളും ബാറ്റും തലശ്ശേരിക്ക്; സ്പീക്കര്‍ എ.എന്‍. ഷംസീറിന് കൈമാറി ഇതിഹാസ താരം

തിരുവനന്തപുരം: വേഗംകൊണ്ട് ക്രിക്കറ്റ് മൈതാനങ്ങള്‍ കീഴടക്കിയ മുന്‍ ഓസ്ട്രേലിയന്‍ ബൗളര്‍ ബ്രെറ്റ് ലീയുടെ കൈയൊപ്പ് ചാര്‍ത്തിയ ക്രിക്കറ്റ് ബോളും ബാറ്റും തലശ്ശേരിക്കു സമ്മാനം. ഓസ്ട്രേലിയയിലെ സിഡ്‌നിയില്‍ കോമണ്‍വെല്‍ത്ത് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിനാണ് ഇതിഹാസതാരം ബ്രെറ്റ് ലീ തലശ്ശേരിക്കുള്ള സമ്മാനം കൈമാറിയത്.
സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കേക്കും സര്‍ക്കസും ഇന്ത്യയില്‍ ആദ്യമായി പിറന്ന നാടാണ് തങ്ങളുടേതെന്ന് ഷംസീര്‍ തലശ്ശേരിയെ പരിചയപ്പെടുത്തി. കേരളത്തില്‍ പലതവണ വന്നിട്ടുള്ള ഓര്‍മകള്‍ ബ്രെറ്റ് ലീയും പങ്കുവെച്ചു. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജുന്‍ എസ്. കുമാറും സ്പീക്കര്‍ക്കൊപ്പമുണ്ടായിരുന്നു.
തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിനു ഭാവിയില്‍ പവിലിയന്‍ ഒരുക്കണമെന്നും ആ പവിലിയനില്‍ ഈ ബാറ്റും ബോളും ഇരു രാജ്യങ്ങളുടെയും പരസ്പരസ്നേഹത്തിന്റെ അടയാളമായി പ്രദര്‍ശിപ്പിക്കണമെന്നും ബ്രെറ്റ് ലീ ആവശ്യപ്പെട്ടു. തങ്ങളുടെ കൂടിക്കാഴ്ചയെ കുറിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ കുറിപ്പും ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു.
അന്താരാഷ്ട്ര കരിയറില്‍ വേഗമേറിയ ബൗളര്‍ എന്ന അംഗീകാരം ലഭിച്ച ബ്രെറ്റ് ലീ 2003-ലെ വേള്‍ഡ് കപ്പും 2005, 2009 വര്‍ഷങ്ങളിലെ ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫിയും ഓസ്ട്രേലിയയ്ക്കു നേടിക്കൊടുത്ത താരമാണ്.
Content Highlights: Brett Lee Australian cricketer gifts signed ball and bat to Thalassery