ഓട്ടോയിൽ നിന്ന് ചാടിയിറങ്ങി, മോഷ്ടാക്കളായ സ്ത്രീകളെ ഓടിച്ചിട്ടുപിടിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ്

കൊട്ടാരക്കര: മോഷ്ടാക്കളായ രണ്ടു സ്ത്രീകളെ ധൈര്യപൂർവം പിടിച്ചുനിർത്തിയ വനിതാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാട്ടിലെ താരമായി. കെഎസ്ആർടിസി ബസിൽ യാത്രചെയ്ത തന്റെ ബാഗിൽനിന്നു പണം കവർന്ന സ്ത്രീകളെയാണ് നെടുവത്തൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും എൻഎസ്എസ് താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റുമായ ജലജാ സുരേഷ് സാഹസികമായി പിന്തുടർന്നു പിടികൂടിയത്. സ്ത്രീകളിൽനിന്നു പണവും കണ്ടെടുത്തു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് കഴിഞ്ഞായിരുന്നു സംഭവം. പോസ്റ്റ് ഓഫീസ് ആർഡി ഏജന്റ് കൂടിയായ ജലജാ സുരേഷ് കുണ്ടറ പോസ്റ്റ് ഓഫീസിൽ പോയി മടങ്ങുകയായിരുന്നു.
1.50-ന് പള്ളിമുക്കിൽനിന്ന് പത്തനാപുരത്തേക്കുള്ള കെഎസ്ആർടിസി ബസിൽ കയറി. കൊട്ടാരക്കര മണികണ്ഠനാൽത്തറയിൽ ഇറങ്ങുന്നതിനായി എഴുന്നേറ്റപ്പോൾ, ഒപ്പം ഇറങ്ങാനെന്ന നാട്യത്തിലെത്തിയ രണ്ട് സ്ത്രീകൾ പിന്നിൽനിന്ന് തള്ളുകയും ‘ചന്തമുക്ക് ആയോ’ എന്നു തിരക്കുകയും ചെയ്തു. ഇല്ലെന്നു പറഞ്ഞതോടെ അവർ മടങ്ങി.
മണികണ്ഠനാൽത്തറയിലിറങ്ങിയപ്പോൾ സംശയം തോന്നി ബാഗ് നോക്കിയപ്പോഴാണ് ബാഗിന്റെ സിബ് തുറന്നുകിടക്കുന്നതും പണം നഷ്ടമായതും അറിയുന്നത്. ഉടൻ അടുത്തുകണ്ട ഓട്ടോറിക്ഷയിൽ കയറി ബസിനു പിന്നാലെ പാഞ്ഞു. ചന്തമുക്കിൽ വാഹനത്തിരക്കിൽ കുരുങ്ങിയതോടെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനോടു ജലജ കാര്യം പറഞ്ഞു. ഇതോടെ ഓട്ടോ വേഗം കടത്തിവിട്ടു. അപ്പോഴേക്കും ചന്തമുക്കിൽ ബസിറങ്ങിയ സ്ത്രീകൾ മറ്റൊരു ഓട്ടോയിൽ കയറിയിരുന്നു. തൊട്ടുപിന്നിൽ നിർത്തിയ ഓട്ടോയിൽനിന്ന് ചാടിയിറങ്ങിയ ജലജ, പോകാൻ തുടങ്ങിയ ഓട്ടോയുടെ ഹാൻഡിലിൽ പിടിച്ചുനിർത്തി രണ്ടു സ്ത്രീകളെയും പുറത്തിറക്കി.
ഓടാൻ ശ്രമിച്ച ഇരുവരുടെയും സാരിയിൽ പിടിച്ചുനിർത്തി. ഇതിനിടയിൽ സ്ത്രീകളുടെ ശരീരത്തിൽ ഒളിപ്പിച്ചിരുന്ന നോട്ടുകെട്ടുകൾ താഴെവീണു. തങ്ങളല്ല മോഷ്ടിച്ചതെന്നും പണം ജലജയുടെ ബാഗിൽനിന്ന് വീണതാണെന്നും പറഞ്ഞ് രക്ഷപ്പെടാനും സ്ത്രീകൾ ശ്രമിച്ചു. സ്ഥലത്ത് പോലീസെത്തുംവരെ ഇരുവരെയും ജലജ തടഞ്ഞുനിർത്തി. പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു.
തമിഴ്‌നാട് ഗോപിച്ചെട്ടി ശെൽവി (45), മകൾ അഥിനി (27) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും പല പേരുകളിലായി കറങ്ങിനടന്ന് മോഷണം നടത്തുന്നവരാണെന്ന് പോലീസ് പറഞ്ഞു.
10 വർഷമായി പഞ്ചായത്തംഗമായ ജലജാ സുരേഷ് 25 വർഷമായി ആർഡി ഏജന്റാണ്. പണം നഷ്ടപ്പെട്ടെന്നു മനസ്സിലായപ്പോൾ വല്ലാതെ വിഷമിച്ചെന്നും മറ്റൊന്നും ചിന്തിക്കാതെ ഓട്ടോയിൽ കയറി ബസിനെ പിന്തുടരുകയായിരുന്നെന്നും ജലജ പറഞ്ഞു.
Content Highlights: A Panchayat Vice President bravely catches two women who stole money from her bag