ലോഡുകൾ കുറക്കുന്നു, ബി.പി.സി.എല്‍ എൽപിജി പ്ലാന്റിൽ ലോറി ജീവനക്കാർ സമരത്തിൽ

കൊച്ചി: ബി.പി.സി.എല്‍ എൽപിജി ബോട്ടിലിങ് പ്ലാന്റിൽ ലോറി ജീവനക്കാരുടെ സമരം. മംഗലപുരം, കോയമ്പത്തൂർ പ്ലാന്റുകളിൽ നിന്നും എൽപിജി ലോഡുകൾ ഇറക്കുകയും ഇതോടെ എറണാകുളത്തെ പ്ലാന്റിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്നുവെന്നും ആരോപിച്ചാണ് സമരം. മാസങ്ങളായി പ്ലാന്റ് ജീവനക്കാരുമായി ചർച്ചകൾ നടത്തുകയാണെന്നും ഇനിയും തീരുമാനമാകാത്തതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും സി ഐ ടി യു മേഖലാ സെക്രട്ടറി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
അതേസമയം ദിവസവും ശരാശരി 120ലേറെ ലോഡുകളാണ് അമ്പലമുകൾ ബി.പി.സി.എല്‍ എൽപിജി ബോട്ടിലിങ് പ്ലാന്റിൽ നിന്നും കൊണ്ടുപോകുന്നത്. ലോറി ജീവനക്കാർ സമരം പ്രഖ്യാപിച്ചതോടെ ഗാർഹിക വാണിജ്യ പാചകവാതക സിലിണ്ടറുകൾക്ക് ക്ഷാമം നേരിട്ടേക്കും.
സംസ്ഥാനത്ത് ബിപിസിഎല്ലിന്റെ ഏഴ് പ്ലാന്റുകളാണ് ഉള്ളത്. ഈ ഏഴുപ്ലാന്റുകൾ കൂടാതെ മംഗലപുരം, കോയമ്പത്തൂർ, തമിഴ്നാട്, കർണാടക പ്ലാന്റുകളിൽ നിന്നും സംസ്ഥാനത്തേക്ക് എൽപിജി ലോഡുകൾ എത്തിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ മറ്റ് സംസ്ഥാനത്തെ പ്ലാന്റുകളിൽ നിന്നും എൽ പി ജി ഇറക്കുമ്പോൾ ഇവിടെയുള്ള തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും കമ്പനി അധികൃതരുമായി ചർച്ച ചെയ്യുകയും ചെയ്തിരുന്നു. അവർ സമയവും ചോദിച്ചിരുന്നു. അതെല്ലാം കഴിഞ്ഞിട്ടും മാസങ്ങളായി ചർച്ച മാത്രമാവുകയും തൊഴിൽ ഇല്ലാത്ത സാഹചര്യം മാത്രമാവുകയും ചെയ്തതോടെയാണ് സമരത്തിലേക്ക് നീങ്ങിയത്- സി ഐ ടി യു മേഖലാ സെക്രട്ടറി ഷിബു പറഞ്ഞു.
കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി തുടങ്ങിയ ജില്ലകളിലേക്ക് എറണാകുളത്ത് നിന്നുമാണ് എൽപിജി പാചക വാതക സിലിണ്ടറുകൾ കൊണ്ടുപോയിരുന്നത്. എന്നാൽ അത് വെട്ടിച്ചുരുക്കി മംഗലപുരം, കോയമ്പത്തൂർ, തമിഴ്നാട്, കർണാടക പ്ലാന്റുകളിൽ നിന്നും ലോഡ് ഇറക്കുകയാണ് ചെയ്യുന്നത്. ഇതോടെ ഇവിടെയുള്ള തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുന്നുവെന്നാണ് ജീവനക്കാരുടെ ആരോപണം.
പാലക്കാട് ജില്ലയിൽ ബിപിസിഎല്ലിന്റെ രണ്ട് സ്വകാര്യ പ്ലാന്റുകൾ ഉണ്ടെന്നിരിക്കെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി ഇക്കാര്യം മറച്ചുവെച്ചാണ് കോയമ്പത്തൂർ പ്ലാന്റിൽ നിന്നും ഇന്ധനം ഇറക്കുമതി ചെയ്യുന്നതെന്നും ജീവനക്കാർ ആരോപിക്കുന്നു.
ഇരുന്നൂറോളം ലോറികളും മുന്നൂറോളം ജീവനക്കാരാണ് ബിപിസിഎല്ലിൽ ജോലി ചെയ്യുന്നത്. വിവിധ യൂണിയനുകൾ ഒറ്റക്കെട്ടായാണ് സമരത്തിലേക്ക് നീങ്ങുന്നത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിലേക്കുള്ള വിതരണം പുനസ്ഥാപിക്കണമെന്നാണ് ലോറി ജീവനക്കാരുടെ പ്രധാന ആവശ്യം. അതേസമയം ജീവനക്കാരുടെ സമരം തുടർന്നാൽ വലിയ പാചക വാതക പ്രതിസന്ധിയിലേക്കായിരിക്കും നീങ്ങുന്നത്.
Content Highlights: bpcl amabalaukal lorry drivers on strike, lpg supply may be disrupted,