ക്ലിഫ് ഹൗസിന് ബോംബ് ഭീഷണി; ഇരട്ട സ്‌ഫോടനം നടത്തുമെന്ന് ഇ മെയില്‍, പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു നേര്‍ക്ക് വ്യാജ ബോംബ് ഭീഷണി. ഇരട്ട സ്‌ഫോടനം നടത്തുമെന്നാണ് ഇ മെയിലായി ലഭിച്ച ഭീഷണി സന്ദേശത്തിൽ പറയുന്നത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കാണ് ഇ മെയില്‍ ലഭിച്ചത്. ഇക്കുറി വസ്തുവകകള്‍ക്ക് നാശനഷ്ടം വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും അതുകൊണ്ട് എത്രയും പെട്ടെന്ന് ആളുകളെ ഒഴിപ്പിക്കണമെന്നും മെയിലിലുണ്ട്. ഇരട്ടസ്‌ഫോടനത്തിന്റെ പ്രഭാവം അരക്കിലോമീറ്ററോളം ഉണ്ടാകുമെന്നും സന്ദേശത്തിലുണ്ട്. പിന്നാലെ ക്ലിഫ് ഹൗസില്‍ പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
മുഖ്യമന്ത്രി നിലവില്‍ വിദേശപര്യടനത്തിലാണ്. ഞായറാഴ്ചയാണ് മൂന്നുദിവസ സന്ദര്‍ശനത്തിന് അദ്ദേഹം ദുബായില്‍ എത്തിയത്.
Content Highlights: bomb threat to cliff house