ആറന്മുളയില്‍ മരിച്ചയാളുടെ പേരില്‍ മരുമകള്‍ വോട്ടുചെയ്‌തെന്ന പരാതിയുമായി എല്‍ഡിഎഫ്

#സി.കെ. അഭിലാല്‍ | മാതൃഭൂമി ന്യൂസ്
പ്രതീകാത്മകചിത്രം | Photo: AFP
പ്രതീകാത്മകചിത്രം | Photo: AFP

പത്തനംതിട്ട: ആറന്മുളയില്‍ മരിച്ചയാളുടെ പേരില്‍ കള്ളവോട്ട് ചെയ്തുവെന്ന് പരാതി. കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരില്‍ മരുമകള്‍ അന്നമ്മ വോട്ടു രേഖപ്പെടുത്തിയെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. വാര്‍ഡ് മെമ്പറും ബി.എല്‍.ഒയും ഒത്തുകളിച്ചെന്നും ആരോപണമുണ്ട്.

സംഭവത്തില്‍ ജില്ല കളക്ടര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്. പത്തനംതിട്ട മെഴുവേലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന കാരിത്തോട്ട വാഴവിള വടക്കേച്ചെരിവില്‍ വീട്ടില്‍ അന്നമ്മ എന്ന 94 കാരി മരിച്ചിട്ട് നാലുവര്‍ഷമായി. ഇവരുടെ പേരിലാണ് വീട്ടില്‍ വോട്ടിനു വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിക്കപ്പെട്ടിരുന്നത്. 

തുടര്‍ന്ന് 18-ാം തീയതി ഉച്ചയ്ക്ക് ബി.എല്‍.ഒയും വാര്‍ഡ് മെമ്പറും അടക്കമുള്ളവര്‍ വീട്ടിലെത്തി. 94 കാരിയുടെ പേരില്‍ ലഭിച്ച അപേക്ഷയിന്മേല്‍ ഇവരുടെ മരുമകള്‍ 72-കാരി അന്നമ്മ വോട്ട് രേഖപ്പെടുത്തി എന്നാണ് എല്‍.ഡി.എഫ്. നല്‍കിയിരിക്കുന്ന പരാതി. പിഴവ് സംഭവിച്ചുവെന്ന് ബി.എല്‍.ഒയും സമ്മതിച്ചിട്ടുണ്ട്. ബി.എല്‍.ഒ. യു.ഡി.എഫ്. പ്രവര്‍ത്തകയാണെന്നും ആരോപണമുണ്ട്.
 

Content Highlights: bogus vote allegation in pathanamthitta