ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടർന്നു; ബോബി ചെമ്മണൂരിന്റെ അഭിഭാഷകനെ വിളിച്ചുവരുത്താൻ കോടതി

കൊച്ചി: ഹണി റോസിന്റെ അധിക്ഷേപപരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണൂരിന്റെ ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് കേസ് സ്വമേധയാ പരിഗണിക്കുന്നത്. പ്രതിഭാഗം അഭിഭാഷകരോടടക്കം ഹാജരാവാന്‍ നിര്‍ദേശം നല്‍കി. ജാമ്യം നല്‍കിയതിന് പിന്നാലെയുണ്ടായ നാടകീയ സംഭവങ്ങളെ തുടർന്നാണ് ഹൈക്കോടതിയുടെ നടപടി.
ബോബിക്ക് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ചൊവ്വാഴ്ച ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. എന്നാൽ ബോബി ജയിലിൽനിന്ന് പുറത്തിറങ്ങാൻ തയ്യാറായിരുന്നില്ല. വിവിധ കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്നവരില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനാവാത്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ബോബി ജയിലിൽത്തന്നെ തുടർന്നത്. ജാമ്യ ഉത്തരവ് ഹാജരാക്കാത്തതിനാലാണ് ചൊവ്വാഴ്ച പുറത്തുവിടാതിരുന്നതെന്നാണ് ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം അറിയിച്ചത്.
ജാമ്യവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ജയിലിന് പുറത്ത് ബോബി ചെമ്മണൂരിനെ അനുകൂലിച്ച് നൂറുകണക്കിന് പേര്‍ ഒത്തുചേര്‍ന്നിരുന്നു. ഈ സംഭവങ്ങളില്‍ ഹൈക്കോടതിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. ജുഡീഷ്യറിയെ വെല്ലുവളിക്കുന്ന രീതിയിലാണ് പ്രതിഭാഗം പ്രവര്‍ത്തിക്കുന്നത് എന്ന വിലയിരുത്തലാണ് കോടതിക്കുള്ളതെന്നാണ് സൂചന. ബുധനാഴ്ച രാവിലെ 10-ന് കേസ് വീണ്ടും പരിഗണിക്കും. ഈ സമയത്ത് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. ബി. രാമന്‍പിള്ള അടക്കമുള്ളവരോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Content Highlights: Kerala High Court to reconsider Boby Chemmanur bail plea after dramatic events following its grant