ബോബിയുടെ ജാമ്യനീക്കം തടയാന്‍ പോലീസ്; വീഡിയോകള്‍ പരിശോധിക്കും, ഹണിറോസിന്റെ മൊഴി വീണ്ടുമെടുക്കും

#എസ്.രാഗിൻ, മാതൃഭൂമി ന്യൂസ്
ബോബി ചെമ്മണൂർ, ഹണി റോസ് | ഫോട്ടോ: അഖിൽ.ഇ.എസ്, സി.ആർ.​ഗിരീഷ് കുമാർ \ മാതൃഭൂമി
ബോബി ചെമ്മണൂർ, ഹണി റോസ് | ഫോട്ടോ: അഖിൽ.ഇ.എസ്, സി.ആർ.​ഗിരീഷ് കുമാർ \ മാതൃഭൂമി

കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെതിരെ കടുത്ത നടപടികളിലേക്ക് പോലീസ്. ബോബി നടത്തിയ മറ്റ് അശ്ലീല പരാമർശങ്ങൾകൂടി പരിശോധിക്കാനാണ് പോലീസ് നീക്കം. യൂട്യൂബ് ചാനലിൽ ഇദ്ദേഹം നടത്തിയ ദ്വയാർത്ഥ പ്രയോ​ഗങ്ങളടങ്ങിയ വീഡിയോ പോലീസ് കോടതിയിൽ ഹാജരാക്കി. ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താനും പോലീസ് തയ്യാറെടുക്കുകയാണ്. 

നിലവിൽ റിമാൻഡിലുള്ള ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരി​ഗണിക്കാനിരിക്കേയാണ് കൂടുതൽ നടപടികൾ പോലീസ് ശക്തമാക്കുന്നത്. ബോബി ചെമ്മണൂർ നടത്തിയ ദ്വയാർത്ഥ പ്രയോ​ഗങ്ങൾ ഒന്നിൽ മാത്രം ഒതുങ്ങുന്നതല്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പലരോടും ഇത്തര പ്രയോ​ഗങ്ങൾ നടത്തിയതിന് തെളിവ് യൂട്യൂബിലുൾപ്പെടെ ഉണ്ട് എന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം മുൻനിർത്തി ബോബി ചെമ്മണൂരിന്റെ ജാമ്യത്തെ എതിർക്കാനാണ് പോലീസിന്റെ ശ്രമം.

മറ്റാരെങ്കിലും ഹണി റോസിന്റേതിന് സമാനമായ പരാതിയുമായി വന്നാൽ എഫ്.ഐ.ആറെടുത്ത്  വേ​ഗത്തിൽ മുന്നോട്ടുപോകാനാണ് പോലീസ് ശ്രമിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 75(1), 75(4), ഐ.ടി ആക്ട് 67 എന്നിവയനുസരിച്ചാണ് ഹണി റോസ് നൽകിയ കേസുമായി ബന്ധപ്പെട്ട് ബോബി ചെമ്മണൂരിനെതിരെ ചുമത്തിയിരിക്കുന്നത്. ശരീരത്തിൽ അനുവാദമില്ലാതെ സ്പർശിക്കുക, സോഷ്യൽ മീഡിയയിലൂടെയുള്ള അശ്ലീല അധിക്ഷേപം, ഇവ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു എന്നെല്ലാമാണ് വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ.

പിറകേ നടന്ന് ശല്യം ചെയ്തു എന്നുകൂടി ഹണി റോസ് പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ നടിയുടെ പ്രത്യേക മൊഴി രേഖപ്പെടുത്തിയാൽ ബോബിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനാവും. ഇതും ബോബിയുടെ ജാമ്യത്തെ എതിർക്കാനുള്ള ശക്തമായ തെളിവാകുമെന്ന് പോലീസ് കണക്കുകൂട്ടുന്നു. ബോബി ചെമ്മണൂരിനെതിരെ നിലവിൽ സ്വീകരിച്ചിരിക്കുന്ന നടപടി കൃത്യമാണെന്നാണ് പോലീസ് വിലയിരുത്തൽ. ബോബി ചെമ്മണൂരിനെതിരെയുണ്ടായ ഈ നടപടിയിലൂടെ മോശം കമന്റുകളിടുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് നടി തന്നെ പറഞ്ഞിരുന്നു.

Content Highlights: Police intensify action against Bobby Chemmannur following Honey Rose`s complaint