ബോബിക്ക് VIP പരിഗണന; ജയിൽ അധികൃതർക്ക് സസ്പെൻഷൻ, നടപടിയുമായി വകുപ്പ്

ബോബി ചെമ്മണ്ണൂർ
ബോബി ചെമ്മണ്ണൂർ

കൊച്ചി: നടിയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലിൽ വി.ഐ.പി. പരി​ഗണന നൽകിയ സംഭവത്തിൽ രണ്ട് ജയിൽ ഉദ്യോ​ഗസ്ഥർക്കെതിരേ നടപടി. മധ്യമേഖല ജയിൽ ഡി.ഐ.ജി. അജയകുമാർ, സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെ സസ്പെൻഡ് ചെയ്തു. ജയില്‍ ആസ്ഥാന ഡി.ഐ.ജി സമർപ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് നടപടി. 

ജയിലിൽ ബോബിയെ കാണാൻ വി.ഐ.പി.കൾ എത്തിയ സംഭവം നേരത്തെ വിവാദമായിരുന്നു. കൂടാതെ, മറ്റ് പരിഗണനകൾ ബോബിക്ക് ലഭിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വിഷയത്തിലാണ് ജയില്‍ ആസ്ഥാന ഡി.ഐ.ജി ജയിൽ ഉദ്യോ​ഗസ്ഥർക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചത്. സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരെ കൂടാതെ മറ്റ് ഉദ്യോഗസ്ഥരുടെ പേരും റിപ്പോർട്ടിലുണ്ടായിരുന്നു. ഇവരെ സ്വാധീനിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 

ഒരു തൃശ്ശൂര്‍ സ്വദേശി ഉൾപ്പെടെ മൂന്ന് വി.ഐ.പികള്‍ ബോബി ചെമ്മണ്ണൂരിനെ സന്ദര്‍ശിച്ചുവെന്നും രജിസ്റ്ററില്‍ അവര്‍ പേര് രേഖപ്പെടുത്തിയില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ ഒരു മണിക്കൂറോളം ബോബി ചെമ്മണ്ണൂരുമായി സമയം ചെലവഴിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Content Highlights: Bobby Chemmannur Jail VIP Visit: 2 Suspended