SIRൽ സമ്മർദമുണ്ടായിരുന്നു, ടെൻഷനായിട്ട് നടക്കുമ്പോഴും ഇത്രത്തോളം എത്തുമെന്ന് പ്രതീക്ഷിച്ചില്ല; മരിച്ച ബിഎൽഒയുടെ പിതാവ്

#മാതൃഭൂമി ന്യൂസ്
അനീഷ് ജോര്‍ജ്, പിതാവ്
അനീഷ് ജോര്‍ജ്, പിതാവ്

കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബിഎൽഒ ജീവനൊടുക്കിയത് ജോലി സംബന്ധമായ കടുത്ത മാനസിക സമ്മർദ്ദം മൂലമാണെന്നും എന്നാൽ ഈ വിഷയത്തിൽ മറ്റാർക്കും യാതൊരു ബാധ്യതയുമില്ലെന്നും യുവാവിന്റെ പിതാവ്. കുറച്ച് ദിവസങ്ങളായി എസ്ഐആറുമായി ബന്ധപ്പെട്ട് മകൻ ടെൻഷനിലായിരുന്നുവെന്നും ഈ ടെൻഷൻ ഇത്രത്തോളം എത്തുമെന്ന് തങ്ങൾ ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കുന്നരു യുപി സ്‌കൂളിലെ പ്യൂൺ അനീഷ് ജോർജിനെയാണ് ഞായറാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ മകന്റെ മരണത്തിൽ ഏതെങ്കിലും വ്യക്തിക്കോ സമൂഹത്തിനോ ഒരു പ്രസ്ഥാനത്തിനോ യാതൊരു ബാധ്യതയുമില്ലെന്ന് പിതാവ് പറഞ്ഞു. ബുദ്ധിമുട്ടുള്ള പണി ചെയ്ത് ശീലമില്ലാത്തതുകൊണ്ട് വന്നുപോയ ഒരു ടെൻഷനിൽ നിന്നാണ് ഈ കടുംകൈ ഉണ്ടായത്. ഒരു പരിചയവുമില്ലാത്ത, വിസ്തൃതമായ ഏരിയയിലെ എല്ലാവരെയും കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ടാണ് ഇതിന്റെ പ്രധാന കാരണമെന്ന് താൻ മനസ്സിലാക്കുന്നത്. ആ സമ്മർദ്ദം താങ്ങാൻ ആകാതെ ആയിരിക്കണം മകൻ ഇങ്ങനെ ഒരു കടുംകൈ ചെയ്തത്. അദ്ദേഹം പറയുന്നു.

ബൂത്ത്‌ലെവല്‍ ഓഫീസറായ (ബിഎല്‍ഒ) അനീഷ് ജോര്‍ജ് ജോലി സമ്മര്‍ദത്തെക്കുറിച്ച് നേരത്തേ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നതായി വിവരമുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് സ്ഥിരീകരണമില്ല. അതിനിടെ, ബിഎല്‍ഒയുടെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: Father of deceased B.L.O. reveals intense job-related stress and unexpected pressure led to his son`s tragic suicide. Learn more.